ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് ആകമാനം പ്രതിഷേധമുയര്‍ത്താന്‍ നീക്കം തുടര്‍ന്ന് പ്രതിപക്ഷ കക്ഷികളും സിജെപിയും. എസ്‌ഐആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ ഇന്ന് പ്രതിഷേധമുയര്‍ത്താനാണ് സിജെപിയുടെ തീരുമാനം.
ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച സമരത്തിന് മുന്നോടിയായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രമുഖ പൊളിറ്റിക്കല്‍ കമന്റേറ്ററും ആര്‍എസ്എസ് വിമര്‍ശകനുമായി ധ്രുവ് റാഠിയുടെ സാനിധ്യമാണ് ഫ്രീഡം പാര്‍ക്ക് പ്രതിഷേധത്തിലെ പ്രധാന ആകർഷണം. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ, നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്, എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കും. മൂവരും ഒന്നിച്ചുള്ള വീഡിയോ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സേവ് വോട്ട്, സേവ് ഡെമോക്രസി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
നിയവിരുദ്ധമായി എസ്‌ഐആറില്‍ പുറത്താക്കപ്പെട്ട കന്നഡികരുമായി സംവദിക്കുന്ന ആദാലത്തും സിജെപി സംഘടിപ്പിക്കുന്നുണ്ട്. കര്‍ണാടകയിലുടനീളമുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളാകും അദാലത്തിന് നേതൃത്വം നല്‍കുക. ജനങ്ങളുമായുള്ള അദാലത്തിന് ശേഷം കോക്രോച്ച് ജനതാ പാര്‍ട്ടി ഇന്ന് ബെംഗളൂരുവില്‍ ‘ചപ്പല്‍ പ്രതിഷേധവും’ സംഘടിപ്പിക്കുന്നുണ്ട്. അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ‘ചപ്പല്‍ പ്രതിഷേധം’. ഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തിനിരയായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം സിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആര്‍എസ്എസിനെതിരായി ചിന്തിക്കുന്ന പ്രമുഖരെയെല്ലാം ഒന്നിച്ചു കൂട്ടി സമരത്തിന് രാജ്യ ശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ് സിജെപി ലക്ഷ്യമിടുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
