ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സമരജ്വാല ഉയര്‍ത്തി ഇൻഡ്യ സഖ്യ എംപിമാര്‍. പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്കാണ് നീങ്ങിയത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, സുപ്രിയ സുലേ, അഖിലേഷ് യാദവ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയ പ്രതിപക്ഷ എംപിമാര്‍ മുന്‍ നിരയിലുണ്ട്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് – ഇടതുപക്ഷ എംപിമാരും സമരത്തിന്റെ ഭാഗമായി അണി നിരന്നിട്ടുണ്ട്.
തമിഴ്നാട്ടിലുണ്ടായ രാഷ്ട്രീയ വൈരം മാറ്റിവെച്ച് ഡിഎംകെ കൂടി പ്രക്ഷോഭത്തിന്റെ ഭാഗമായത് വലിയ രാഷ്ട്രീയ മാനങ്ങളാണ് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. ‘ജനാധിപത്യത്തെ രക്ഷിക്കൂ… വോട്ട് രക്ഷിക്കൂ’ എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച്. 500 മീറ്റര്‍ മാത്രമാണ് ഡല്‍ഹി പൊലീസ് മാര്‍ച്ചിന് അനുമതി നല്‍കിയിരിക്കുന്നത്.
തെരഞ്ഞടുപ്പ് കമ്മീഷന് ആസ്ഥാനത്തിന് തൊട്ടടുത്താണ് പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞത്. പല പാര്‍ലമെന്റ് അംഗങ്ങളും ബാരിക്കേഡിന് മുകളില്‍ കയറി നില്ക്കുന്ന സാഹചര്യവുമുണ്ടായി. രണ്ടാം സ്വാതന്ത്ര്യ സമരമാണ് സംഘടിപ്പിക്കപ്പെടുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്. എംപിമാര്‍ക്ക് പുറമേ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും സമരത്തിന്റെ ഭാഗമാണ്.
പൊലീസ് തടഞ്ഞ ഇടത്ത് കുത്തിയിരുന്നാണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുന്നത്. ഫോം ആറിലെ മാറ്റങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇന്നലെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ചട്ടവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ മാറ്റം വരുത്തുമെന്നും കോടതി പറഞ്ഞിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
