അമ്മയോട് അടുപ്പം കൂടുതൽ; രണ്ട് മക്കളെ കനാലിൽ തള്ളിയിട്ട് കൊന്ന് പിതാവ്

News Desk
1 Min Read

യാദ്ഗിർ: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ മക്കളെ അച്ഛൻ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ശാന്തപ്പ എന്നയാളാണ് തന്റെ മക്കളായ ഒമ്പത് വയസ്സുകാരിയെയും മൂന്ന് വയസ്സുകാരനെയും ഭീഗുഡിക്ക് സമീപമുള്ള നീരൊഴുക്കുള്ള കനാലിലേക്ക് തള്ളിയിട്ടത്. എന്നാൽ ആറ് വയസ്സുള്ള മറ്റൊരു മകളെ ഇയാൾ ഉപദ്രവിക്കാതെ ഒഴിവാക്കി.

കുട്ടികളെ കനാലിൽ തള്ളിയിട്ട ശേഷം ആറുവയസ്സുകാരി മകളുമായി യാദ്ഗിർ നഗരത്തിലെത്തിയ ശാന്തപ്പ, 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് താൻ ചെയ്ത കുറ്റം പൊലീസിനോട് തുറന്നുപറയുകയായിരുന്നു. തുടർന്ന് സ്ഥലത്ത് പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് തിരച്ചിൽ നടത്തി.

കനാലിലെ വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ കൃഷ്ണ ഭാഗ്യ ജല നിഗം ലിമിറ്റഡ് അധികൃതരോട് ആവശ്യപ്പെടുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ പൊലീസും ഫയർഫോഴ്സും ചേർന്ന് കണ്ടെടുത്തു. കൊല്ലപ്പെട്ട രണ്ട് കുട്ടികളും അമ്മയായ രേണുകയോടാണ് കൂടുതൽ അടുപ്പം കാണിച്ചിരുന്നതെന്നും തന്നോട് അടുപ്പമില്ലായിരുന്നു എന്നതുമാണ് ഇയാൾ പോലീസിന് നൽകിയ പ്രാഥമിക മൊഴി.

സംഭവത്തിൽ യാദ്ഗിർ എസ് പി പ്രിഥ്വിക് ശങ്കറിന്റെ നേതൃത്വത്തിൽ ശാന്തപ്പയെ കസ്റ്റഡിയിലെടുത്തു. ആദ്യം തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത പോലീസ്, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article