തിരുവനന്തപുരം : ഓണസമ്മാനമായി അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞതിഥി കൂടിയെത്തി. അമ്മത്തൊട്ടിലിൽ 1002-ാമത്തെ കുഞ്ഞിന് ‘സമൃദ്ധ’ എന്ന് പേരിട്ടു. ആയിരാമത്തെ കുഞ്ഞ് സഹസ്ര അമ്മത്തൊട്ടിലിലെത്തിയിട്ട് 16 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഓണത്തിന് മാറ്റുകൂട്ടിക്കൊണ്ട് സമൃദ്ധയെത്തുന്നത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപിയാണ് കുഞ്ഞിന് പേരിട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം 3.10 ഓടെ അഞ്ച് ദിവസം പ്രായവും 2.56 കിലോഗ്രാം ഭാരവുമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുന്നത്. അമ്മത്തൊട്ടിലിൽ അലാറം കേട്ട ഉടൻ തന്നെ സമിതി ആ സ്ഥാനത്ത് ഉണ്ടായിരുന്ന ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി, ട്രഷറർ കെ ജയപാൽ എന്നിവരടങ്ങുന്ന സംഘം നേഴ്സുമാർക്കൊപ്പം അമ്മത്തൊട്ടിലിൽ എത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടർന്ന് ശിശു പരിചരണ കേന്ദ്രത്തിൽ പ്രാഥമിക പരിശോധനകൾക്ക് ശേഷം, തൈക്കാട് ശിശു-മഹിളാ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം വിശദമായി പരിശോധിച്ചു. കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
സമൃദ്ധിയുടെ നാളുകൾ വരവേൽക്കുന്ന വിശാഖം നാളിൽ എത്തിയതിനാലും, ഓണക്കാലം കൊണ്ടുവരുന്ന ഐശ്വര്യം എന്നതിനാലുമാണ് കുഞ്ഞിന് സമൃദ്ധ എന്ന പേര് നൽകിയത്. ഓണക്കാലത്ത് എത്തിയ കുഞ്ഞ് നാടിന് മുഴുവൻ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സൂചനയാണെന്ന് പേരിട്ടുകൊണ്ട് അരുൺ ഗോപി പറഞ്ഞു.
സമൃദ്ധ യുടെ ദത്തെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുന്നതിനാൽ കുഞ്ഞിന് നിയമപരമായ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ ബന്ധപ്പെടണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതർ അറിയിച്ചു. 2023 മെയ് മാസം മുതൽ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം സമിതിയുടെ സംരക്ഷണയിലേക്ക് എത്തിയത് “സമൃദ്ധ” ഉൾപ്പെടെ 113 കുരുന്നുകൾ ആണ്. അതിൽ 80 പെൺകുട്ടികളും 33 ആൺകുട്ടികളും ഉണ്ട്. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ മാത്രം എത്തിയ പത്താമത്തെ കുഞ്ഞാണ് “സമൃദ്ധ”.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
