ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരത്തിൽ സ്ഫോടന ശബ്ദമെന്ന് റിപ്പോർട്ട്

News Desk
2 Min Read

ടെഹ്റാൻ: ഇറാനിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും സമീപ പ്രദേശങ്ങളിലും ചില സ്ഥലങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ സ്ഫോടനത്തിൻ്റെ കാരണം നിലവിൽ വ്യക്തമല്ല. ബന്ദർ അബ്ബാസിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും നഗരത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നുമാണ് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ബന്ദർ അബ്ബാസ് മേഖലയിൽ മൂന്ന് തവണ സ്ഫോടനം കേട്ടതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം തന്ത്രപ്രധാനമായ ജലപാതയ്ക്ക് സമീപമുള്ള സിരിക്, ജാസ്ക് തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ ശബ്ദം കേട്ടതായി ഫാർസ് വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

യുഎസ് – ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉണ്ടായേക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ പറഞ്ഞിരുന്നു. അത് ലോകത്തിന് നല്ല വാർത്ത ആണെന്നും റൂബിയോ പറഞ്ഞു. അതിനിടെ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് മുന്നിൽ പുതിയ നിബന്ധന മുന്നോട്ടുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ‘എബ്രഹാം ഉടമ്പടി’യുടെ (Abraham Accords) ഭാഗമാകണമെന്നാണ് ട്രംപിന്‍റെ പുതിയ ആവശ്യം. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുക, ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പൂർണമായി ഉപേക്ഷിക്കുക തുടങ്ങിയ കടുത്ത നിബന്ധനകൾക്ക് പുറമെയാണ് ട്രംപ് പുതിയ നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്.

2020-ലാണ് ട്രംപ് എബ്രഹാം ഉടമ്പടി കൊണ്ടുവന്നത്. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ സമ്മതിച്ച, യുഎസ് മധ്യസ്ഥതയിലുള്ള കരാർ ആണിത്. യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇതിനകം ഈ ഉടമ്പടിയുടെ ഭാഗമായിട്ടുള്ളത്. സൗദി അറേബ്യ, യുഎഇ, ഖത്തർ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ഭരണ നേതൃത്വവുമായി താൻ സംസാരിച്ചതായി ട്രംപ് തിങ്കളാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനായി യുഎസ് നടത്തിയ ശ്രമങ്ങൾ കണക്കിലെടുത്ത് ഈ രാജ്യങ്ങളെല്ലാം ഒരേസമയം എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്നാണ് ട്രംപിന്‍റെ പുതിയ ആവശ്യം.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!