കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്‌കൂളുകള്‍ക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കാന്‍ ബി ജെ പി സര്‍ക്കാരിന്റെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളില്‍ വന്ദേമാതരം ആലപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുവന്നു.
ന്യുനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന മുഴുവന്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകള്‍ക്കും ഉത്തരവ് ബാധകമാകും. ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഉത്തരവുകള്‍ ഉണ്ടായത്.
ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് മദ്രസകള്‍ക്കും സമാന ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു ദേവതയെ പുകഴ്ത്തുന്ന വരികള്‍ ഒരു മതേതര സമൂഹത്തില്‍ ആലപിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനം ശക്തമാണ്. രാവിലെ ക്ലാസുകള്‍ക്ക് മുന്നോടിയായി നടക്കുന്ന അസംബ്ലികളില്‍ വന്ദേ മാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്നാണ് സ്‌കൂളുകള്‍ക്കായി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരത്തിന് പുതിയ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം പ്രമാണിച്ചായിരുന്നു നടപടി. എല്ലാ സ്‌കൂള്‍ പരിപാടികളിലും ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് മുന്‍പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. അതിനിടെ, തമിഴ്‌നാട്ടിലും കേരളത്തിലും മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ചൊല്ലിയത് വിവാദമായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
