ബാങ്കിൽ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാനില്ല ! സമരവുമായി യുവതി

News Desk
1 Min Read

കൊല്ലം: പേരൂർ സർവീസ് സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച 48 പവൻ സ്വർണം കാണാതായി. ഏകദേശം 55 ലക്ഷം രൂപയുടെ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് ഉടമ പേരൂർ സ്വദേശി ധന്യ പറഞ്ഞു. നഷ്ടപ്പെട്ട സ്വർണത്തിന് ബാങ്ക് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ധന്യ ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

സ്വന്തമായി വീടില്ല. ഇപ്പോൾ ഭർത്താവിൻ്റെ കുടുംബവീട്ടിലാണ് താമസിക്കുന്നത്. ഭാവിയിലേക്ക് എന്തെങ്കിലും ചെയ്യാമല്ലോ എന്ന് വിശ്വസിച്ച് ഇവിടെ കൊണ്ടുവച്ച സ്വർണമാണ് എന്ന് ധന്യ പറഞ്ഞു. രണ്ട് പെൺകുട്ടികളാണ് ഉള്ളത്. ഇതിൽ ഒരാളുടെ ശസ്‌ത്രക്രിയയ്ക്ക് ആവശ്യമായ പണത്തിനാണ് സ്വർണം എടുക്കാനെത്തിയത് എന്നും ധന്യ പറഞ്ഞു.

സ്വർണം നഷ്ടപ്പെട്ടത് അറിഞ്ഞ് ആദ്യം പരാതി നൽകിയപ്പോൾ 10 ദിവസം വരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറെ കണ്ട ശേഷമാണ് എഫ്ഐആർ ഇട്ടത്. കോൺഗ്രസ് ഭരണസമിതിയാണ് ബാങ്കിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മുൻ എംഎൽഎ പ്രതാപ വർമ തമ്പാൻ്റെ മകൾ ചൈത്ര തമ്പാൻ ആണ് ബാങ്കിൻ്റെ പ്രസിഡൻ്റ്. ചൈത്ര തമ്പാനുമായി സംസാരിച്ചപ്പോൾ കേസുമായി മുന്നോട്ട് പോയ്‌ക്കോളൂ എന്ന മറുപടിയാണ് ലഭിച്ചത് എന്നും ധന്യ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കേസിന് ഒന്നും പോകാനുള്ള നിവൃത്തിയില്ലെന്നും സഹായിക്കാൻ ആരും ഇല്ലെന്നും ധന്യ വ്യക്തമാക്കി. എങ്ങനെ എങ്കിലും സ്വർണം തിരികെ കിട്ടണം. അല്ലെങ്കിൽ ഞാനും എൻ്റെ കുടുംബവും ഇവിടെ കിടന്ന് ജീവനൊടുക്കുമെന്നും ധന്യ കൂട്ടിച്ചേർത്തു.

……

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!