ഭുവനേശ്വർ: ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ. ഹോസ്റ്റലിനു സമീപം പലചരക്ക് കട നടത്തുന്ന ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പൊലീസ് പിടികൂടിയത്.
നഗരത്തിലെ ഗംഗാപദ പ്രദേശത്താണ് സംഭവം. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി, സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് അകത്ത് പ്രവേശിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഭയന്നുപോയ വിദ്യാർഥിനി പിന്നീട് പൊലീസിനെ സമീപിച്ച് പരാതി നൽകി. ഇൻഫോ വാലി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്തു.
പീഡനത്തിനിരയായ പെൺകുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അതീവ സുരക്ഷയുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രതി എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും പൊലീസ് വിശദീകരണം തേടും. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന് പൊലീസ് അറിയിച്ചു.





