ഡല്‍ഹി: വാക്കുതര്‍ക്കത്തിനിടയില്‍ ഫുഡ് ഡെലിവെറി ഏജന്റിനെ വെടിവെച്ച് കൊന്ന് പൊലീസ് ഉദ്യോഗസ്ഥന്. ഒരാള്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ ദ്വാരകയിലുള്ള ജാഫര്‍പൂര്‍ കലാനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഫുഡ് ഡെലിവെറി ഏജന്റായ പാണ്ഡവ് കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പാണ്ഡവ് കുമാറിന്റെ സുഹൃത്ത് രൂപേഷിന്റെ മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാനായി ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇരുപതോളം പേരാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. കേക്ക് മുറിച്ചുള്ള ആഘോഷത്തിനു ശേഷം അതിഥികളെല്ലാം തിരിച്ചു പോകുന്നതിനിടയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
പോകാനുള്ള വാഹനം കാത്ത് രൂപേഷിന്റെ വീടിന് പുറത്ത് കുറച്ചു പേര് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബാക്കിയുള്ളവര്‍ അടുത്തുള്ള ബൈക്കിലിരുന്ന് സംസാരിക്കുകയായിരുന്നു. ഈ സമയത്താണ് പൊലീസ് കോണ്‍സ്റ്റബിളായ നീരജ് സ്ഥലത്തെത്തിയത്.
പാര്‍ട്ടിക്കിടെ ബഹളം വെച്ചെന്നാരോപിച്ചുള്ള തര്‍ക്കമാണ് ദാരുണമായ സംഭവത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടയില്‍ നീരജ് തോക്കെടുത്ത് പാണ്ഡവ് കുമാറിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കില്‍ ഇരിക്കുകയായിരുന്ന പാണ്ഡവ് കുമാറിന്റെ നെഞ്ചിലാണ് വെടിയേറ്റത്. പാണ്ഡവ് കുമാറിന്റെ നെഞ്ചിലൂടെ തുളഞ്ഞ ബുള്ളറ്റ് പിന്നിലുണ്ടായിരുന്ന കൃഷ്ണയുടെ ദേഹത്തും തറച്ചു. കൃഷ്ണ നിലവില്‍ ചികിത്സയിലാണ്.
ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്‍ യൂണിറ്റില്‍ ഹെഡ് കോണ്‍സ്റ്റബിളാണ് നീരജ്. ഹരിയാന സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
…





