മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്തു; ഇരട്ടപ്പെൺകുട്ടികളെ കൊലപ്പെടുത്തി പിതാവ്

പ്രതീകാത്മക ചിത്രം (Photo - Shutterstock / Prath)

കാൻപുർ: പതിനൊന്ന് വയസ്സുളള ഇരട്ടപ്പെൺകുട്ടികളെ കഴുത്തറുത്തു കൊന്ന് പിതാവ്.  ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. മെഡിക്കൽ റെപ്പായ ശശി രഞ്ജൻ മിശ്രയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. ഇയാൾ കുടുംബത്തോടൊപ്പം താമസിക്കുന്ന കിഡ്​വായ് നഗറിലെ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു കൊലപാതകം. ഇയാളെ സംഭവസ്ഥലത്തുനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. 

ഫ്ലാറ്റിൽ മിശ്രയ്ക്കൊപ്പം ഭാര്യ രേഷ്മയും ഇരട്ട പെൺമക്കളും ആറുവയസ്സുള്ള മകനുമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച പുലർച്ചെ  കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസെത്തിയപ്പോഴാണ് ഫ്ലാറ്റിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടികളെ കണ്ടത്.

മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ശശി രഞ്ജൻ മിശ്ര സംഭവസ്ഥലത്ത് തന്നെയുണ്ടായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കമ്മിഷണർ രഘുബീർ ലാൽ പറഞ്ഞു.

കൃത്യം നടക്കുമ്പോൾ കുട്ടികളുടെ അമ്മയും സംഭവസ്ഥലത്തുണ്ടായിരുന്നു. പ്രാഥമികാന്വേഷണത്തിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷം ഇവരെ ചോദ്യംചെയ്യും. കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങൾ  ഉണ്ടോ എന്ന് അമ്മയെ ചോദ്യം ചെയ്ത ശേഷം മാത്രമേ വ്യക്തമാകൂ. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.