ഇലക്ട്രിക്ക് കാറിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ല: ഉടമയ്‌ക്കെതിരെ പിഴ ചുമത്തി പോലീസ് ഉദ്യോഗസ്ഥന്‍, വന്‍ പ്രതിഷേധം

0
6
  • സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകുന്നത്
രാജസ്ഥാനിലെ നാഗൗറില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയല്‍ ചര്‍ച്ചയാകുന്നത്. ഒരു ഇലക്ട്രിക് വാഹന ഉടമയ്ക്ക് മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തുന്നതിന്റെ വീഡിയോയാണ് ഇത്. ടാറ്റ ടിയാഗോ ഇലക്ട്രിക് കാര്‍ ഓടിച്ചുപോവുകയായിരുന്ന യുവാവിനെ കാറിന്റെ ജനലില്‍ സണ്‍ഷെയ്ഡ് വെച്ചു എന്നാരോപിച്ചാണ് പോലീസ് ആദ്യം തടഞ്ഞത്. സണ്‍ഷെയ്ഡിന് 200 രൂപ പിഴ ഈടാക്കിയതിന് പിന്നാലെ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒട്ടും ബാധകമല്ലാത്ത മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു.
പുകക്കുഴല്‍ പോലുമില്ലാത്ത ഇലക്ട്രിക് വാഹനത്തിന് മലിനീകരണ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ഉടമ ആവര്‍ത്തിച്ച് വിശദീകരിച്ചിട്ടും ഉദ്യോഗസ്ഥന്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. ഒടുവില്‍ 1,500 രൂപ കൂടി അധികമായി പിഴ ചുമത്തുകയായിരുന്നു. ഉദ്യോഗസ്ഥനും െ്രെഡവറും തമ്മിലുള്ള ഈ തര്‍ക്കത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ പോലീസിന്റെ അറിവില്ലായ്മയ്ക്കും പിടിവാശിക്കുമെതിരെ വ്യാപകമായ പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്. ഒരു കാല്‍ക്കുലേറ്ററിനോട് കാലാവസ്ഥ പ്രവചിക്കാന്‍ ആവശ്യപ്പെടുന്നത് പോലെയാണ് ഈ നടപടിയെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പരിഹസിച്ചു.
സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകുന്നത്. നിയമം നടപ്പിലാക്കേണ്ടവര്‍ക്ക് അടിസ്ഥാന സാങ്കേതിക വിദ്യയെക്കുറിച്ചോ പുതിയ വാഹന നിയമങ്ങളെക്കുറിച്ചോ അറിവില്ലാത്തത് ഖേദകരമാണെന്ന് പലരും ചൂണ്ടിക്കാട്ടി. അഴിമതിക്കും കൈക്കൂലിക്കുമായി പോലീസ് എന്തും ചെയ്യുമെന്ന തരത്തിലുള്ള കടുത്ത വിമര്‍ശനങ്ങളും കമന്റുകളായി വരുന്നുണ്ട്. സണ്‍ഷെയ്ഡ് ഉപയോഗിച്ചതിന് പിഴ ഈടാക്കാന്‍ അധികാരമുണ്ടെങ്കിലും, ഇല്ലാത്ത നിയമത്തിന്റെ പേരില്‍ പണം തട്ടാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
വീഡിയോ വ്യാപകമായി പ്രചരിക്കുകയും ഉദ്യോഗസ്ഥന്റെ പെരുമാറ്റം സേനയ്ക്ക് തന്നെ നാണക്കേടാവുകയും ചെയ്തതോടെ അധികൃതര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സണ്‍ഷെയ്ഡിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ചതാണോ അതോ മനഃപൂര്‍വമാണോ എന്ന് പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് വാഹന നയങ്ങളെക്കുറിച്ച് പോലീസുകാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.