ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതെ വന്നതില്‍ രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും, തുല്യമായി ശക്തിപ്പെടുത്താനും സമതുലിതമായ പ്രാതിനിധ്യം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതായിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും ശബ്ദം ഉയര്‍ത്താനുള്ള സത്യസന്ധമായ ഒരു ഉദ്യമമായിരുന്നു ഇത്. എന്നാല്‍ ഈ ശ്രമം പാര്‍ലമെന്റില്‍ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും പരാജയപ്പെടുത്തി.
ഈ പാര്‍ട്ടികള്‍ സ്ത്രീ സംവരണത്തെ സ്ഥിരമായി എതിര്‍ക്കുകയും, അതിന്റെ നടപ്പാക്കല്‍ തടയുന്നതിന് വീണ്ടും വീണ്ടും തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.പ്രതിപക്ഷ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ രാഷ്ട്രീയം കാരണം ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പോരാട്ടം നിലച്ചിരിക്കുകയാണ്
വനിതകളോട് ഒരു കാര്യം പറയാന്‍ ഉണ്ട് എന്ന് പറഞ്ഞാണ് മോദി സംസാരിച്ച് തുടങ്ങിയത്. നമ്മള് എത്ര ശ്രമിച്ചിട്ടും നമുക്ക് വിജയിക്കാന്‍ സാധിച്ചില്ല. നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ കഴിഞ്ഞില്ല. ഇതിനായി എല്ലാ അമ്മമാരോടും രാജ്യത്തുള്ള എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു- മോദി പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി.
സ്ത്രീകള്‍ ഈ അപമാനത്തിന് മാപ്പ് നല്‍കില്ല. ഈ പാപത്തിന്റെ ശിക്ഷ പ്രതിപക്ഷത്തിന് ലഭിക്കും. ബില്‍ ഒന്നും കവര്‍ന്നെടുക്കാനായിരുന്നില്ല. ബില്‍ പാസാകാതിരിക്കാന് കോണ്‍ഗ്രസ് പലവട്ടം ഗൂഢാലോചന നടത്തി. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബില്‍ പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷം കയ്യടിച്ച് ആഹ്ലാദിച്ചു. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്തിയത് ഭ്രൂണഹത്യയാണ്- മോദി പറഞ്ഞു.





