‘ഹിന്ദുക്കളാരും ചായ കുടിക്കരുത്, ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവര്‍’: സാധ്വി ശ്രദ്ധ

0
49

ന്യൂഡൽഹി: ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവരാണെന്നും ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്നും സാധ്വി ശ്രദ്ധ ഗോപാല്‍. ഭക്തരോട് സംസാരിക്കുന്നതിനിടെയാണ് ദീദി എന്നറിയപ്പെടുന്ന സാധ്വി ശ്രദ്ധ ഗോപാൽ വിവാദ പ്രസ്താവന നടത്തിയത്. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

സംസ്കാരം സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള ഹിന്ദുക്കള്‍ ചായ കുടിക്കരുതെന്നാണ് സാധ്വി ശ്രദ്ധ ആഹ്വാനം ചെയ്തത്. ‘‘ചായ കുടിക്കാത്ത കാലത്ത് നമ്മുടെ പൂര്‍വികര്‍ ജീവിച്ചില്ലേ? ചായ കുടിക്കാതെ അവര്‍ മരിച്ചു പോയില്ലല്ലോ. ചായയും കാപ്പിയും കുടിക്കുന്നവര്‍ അത് അവസാനിപ്പിക്കണം. ചിലപ്പോള്‍ തലവേദനയും തല പൊട്ടുന്നതു പോലെയുമെല്ലാം തോന്നിയേക്കാം. എങ്കിലും അതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണം’’– സാധ്വി ശ്രദ്ധ പറയുന്നു.

ചായ കുടിക്കാതെ ജീവിക്കുന്ന ആളുകൾ ലോകത്ത് നിരവധിയുണ്ടെന്നും ചായ കുടിക്കുന്നവര്‍ ചെയ്യുന്നതിന്‍റെ ഇരട്ടി ആരോഗ്യത്തോടെയാണ് അവര്‍ ജോലി ചെയ്യുന്നതെന്നും സാധ്വി ശ്രദ്ധ പറയുന്നത് വിഡിയോയിലുണ്ട്. രാജസ്ഥാന്‍ സ്വദേശിയാണ് ശ്രദ്ധ.

പശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. നിരവധിപേരാണ് ശ്രദ്ധയുടെ പ്രസംഗങ്ങൾ കേൾക്കാനെത്തുന്നത്. ശ്രദ്ധ മണ്ടത്തരമാണ് പറയുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം.