തിരുവനന്തപുരം: വനവാസത്തിന് പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും വനംവകുപ്പ് മന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുമെന്നും എ.കെ. ശശീന്ദ്രൻ. മുഖ്യമന്ത്രി ആകണമെന്ന സതീശൻ്റെ ആഗ്രഹം നടക്കില്ലല്ലോ എന്നും ഇതെങ്കിലും നടക്കണ്ടേ എന്നും ശശീന്ദ്രൻ പരിഹസിച്ചു. എലത്തൂരിൽ വിജയമുറപ്പെന്നും ഭൂരിപക്ഷത്തിൽ വ്യത്യാസമുണ്ടാകുമെന്നും ശശീന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തോറ്റാൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന് വി.ഡി. സതീശൻ പറഞ്ഞിരുന്നു. യുഡിഎഫ് നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ താൻ പറഞ്ഞ വാക്ക് പാലിച്ച് റിട്ടയർ ചെയ്യുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
യുഡിഎഫിനെ തിരിച്ചു കൊണ്ടുവരുക എന്ന ഉത്തരവാദിത്തം കളക്ടീവ് ആണെന്നും തോറ്റാൽ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും സതീശൻ പറഞ്ഞിരുന്നു.





