യുഎസ്-ഇറാൻ ചർച്ച; കനത്ത സുരക്ഷയിൽ ഇസ്ലാമാബാദ്, ഇറാൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പാളുന്നു. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, ഇസ്ലാമാബാദിലെ ചർച്ച ഒഴിവാക്കുന്നത് ഉള്‍പ്പടെ കടുത്ത നടപടികളിലേക്ക് ഇറാന്‍ നീങ്ങിയേക്കും എന്നാണ് റിപ്പോർട്ട്.

ഇതിനിടെ ഹോർമൂസിലെ ഇറാന്‍റെ നീക്കങ്ങളില്‍ അതൃപ്തി പരസ്യമാക്കി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. സുരക്ഷാ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കവെ, വെെസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ് നയിക്കുന്ന യുഎസ് പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദില്‍ എത്തും.

ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിന് ശേഷവും പശ്ചിമേഷ്യയിൽ വീണ്ടും ചോരപ്പുഴ ഒഴുക്കുകയാണ് ഇസ്രായേല്‍. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം 300ലധികം പേരാണ് ഇസ്രയേൽ ആക്രമണത്തിൽ ലെബനനില്‍ കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. മാർച്ച് രണ്ട് മുതൽ തുടങ്ങിയ സംഘർഷം ലെബനനിൽ ഇതുവരെ രണ്ടായിരത്തോളം ജീവന്‍ കവര്‍ന്നു. കരയുദ്ധത്തിലേക്ക് നീങ്ങിയ ഇസ്രയേൽ നീക്കം മേഖലയെ കൂടുതൽ ആശങ്കയിലാഴ്ത്തുകയാണ്.

നിർണായക യുഎസ്-ഇറാന്‍ ചർച്ചകള്‍ക്ക് ഇസ്ലാമാബാദ് ഒരുങ്ങവെ, ഹോർമൂസില്‍ നിയന്ത്രണം കടുപ്പിച്ച് സമ്മർദ്ദം ചെലുത്തുകയാണ് ഇറാന്‍. പ്രതിദിനം 140 കപ്പലുകൾ കടന്നുപോയിരുന്ന സ്ഥാനത്ത് പ്രതിദിനം 15 കപ്പലുകൾ മാത്രമേ അനുവദിക്കൂ എന്നാണ് ഇറാൻ്റെ പുതിയ പ്രഖ്യാപനം. അതായത് 90 ശതമാനം ചരക്ക് നീക്കവും തടസപ്പെടും. സമാന്തര റൂട്ട് മാപ്പ് അടക്കം പുറത്തുവിട്ട ഇറാൻ നടപടിക്കെതിരെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ്റെ നീക്കം കരാർ ലംഘനമാണെന്ന് ട്രംപ് ആരോപിച്ചു.

ലെബനനെ വെടിനിർത്തലില്‍ ഉള്‍പ്പെടുത്തണമെന്നതാണ് ഇറാന്‍റെ 10 ഇന ഉപാധികളിലൊന്ന് എന്നിരിക്കെ, ആക്രമണം നിർത്തിവയ്ക്കാതെ ചർച്ചയ്ക്കില്ലെന്നാണ് ഇറാന്റെ കടുത്ത നിലപാട്. പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ലെബനനുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച വാഷിംഗ്ടണിൽ ചർച്ചകൾ നടന്നേക്കും.

അതേസമയം, ചർച്ചകൾക്ക് മുന്നോടിയായി ഇസ്ലാമാബാദില്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ നേതൃത്വത്തിലുള്ള യുഎസ് സംഘവും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചർച്ചകളില്‍ പങ്കെടുക്കേണ്ടത്. ചർച്ചയ്ക്ക് വേദിയാകുമെന്ന് കണക്കാക്കുന്ന ഇസ്ലാമാബാദിലെ സെറീന ഫൈവ് സ്റ്റാർ ഹോട്ടലില്‍ നിന്ന് മറ്റു അതിഥികളെ ഒഴിപ്പിച്ചു. ഹോട്ടലിന് മൂന്ന് കിലോമീറ്റർ ചുറ്റളവ് പ്രദേശം നിലവില്‍ സെെന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.

….