സ്‌ഫോടനശബ്ദം ഒരുകിലോമീറ്റർ അകലെവരെ, മരിച്ചത് രണ്ടുപേർ; വീട്ടിലെ പടക്കനിർമാണം പരസ്യമായ രഹസ്യം

കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ പടക്കനിർമാണത്തിനിടെ വീട്ടിൽ സ്‌ഫോടനമുണ്ടായി രണ്ടുപേർ മരിച്ചു. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽ പറമ്പിൽ രാഹുൽ (26), കോഴിക്കോട് മുണ്ടിക്കൽത്താഴം പുതിയോട്ടുമേത്തൽ രാഹുൽ (27) എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് സംഭവത്തിൽ പരിക്കേറ്റു.

മരിച്ച മുണ്ടിക്കൽത്താഴം സ്വദേശി രാഹുലിന്റെ സഹോദരൻ വിഷ്ണു (28), ഭാര്യ കോട്ടയം പാലാ സ്വദേശിനി സിമി (27) എന്നിവർ പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് എടക്കണ്ടപറമ്പിൽ ഹരിത്ത് (36) സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും കാര്യമായ പരിക്കേറ്റില്ല.

സ്‌ഫോടനത്തിൽ മരിച്ച രാഹുലും സംഘവും നവംബർ മുതൽ താമസിക്കുന്ന ഓടിട്ട വാടകവീടിന്റെ പിൻവശത്ത് അടുക്കളയോടുചേർന്ന ഭാഗത്താണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. ചുമരും ഓടുമുൾപ്പെടെ അടുക്കളഭാഗം പൂർണമായി തകർന്നു. ഒരുകിലോമീറ്റർ അകലെവരെ സ്‌ഫോടനശബ്ദം കേട്ടിരുന്നു. തൊട്ടടുത്ത വീടുകളുടെ ചില്ലുകൾക്കും കേടുപാടുണ്ട്.

പടക്കനിർമാണത്തിനുപയോഗിക്കുന്ന പനയോലകളും വെടിമരുന്നും വീടിനുസമീപം വൻതോതിൽ ശേഖരിച്ച നിലയിലായിരുന്നു. നിർമിച്ച പടക്കങ്ങളും പെട്ടികളിലുണ്ടായിരുന്നു. വിഷുവിപണി ലക്ഷ്യമിട്ടുള്ള നിർമാണമാണ് ഇവിടെ നടന്നിരുന്നത്. അനധികൃതമായാണ് ഇവിടെ പടക്കം നിർമിച്ചിരുന്നതെന്നാണ് വിവരം. വീടിനുള്ളിൽ പടക്കനിർമാണം നടന്നിരുന്നതായി മുൻപ് അറിഞ്ഞിരുന്നില്ലെന്ന് നാട്ടുകാർ പഞ്ഞു. വൻ തോതിൽ പനയോലകളും അരച്ചാക്ക് വെടിമരുന്നും വീടിന് സമീപത്ത് ശേഖരിച്ചനിലയിലായിരുന്നു.