ടെഹ്‌റാനിൽ വൻ ആക്രമണം നടത്തി, ഇറാന്റെ ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വാഷിങ്ടൺ: ടെഹ്‌റാനിൽ നടത്തിയ ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനിലെ നിരവധി സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് അവകാശപ്പെട്ടത്.

ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന്റേതെന്ന് അവകാശപ്പെട്ട് ഒരുമിനിറ്റും എട്ടുസെക്കൻഡും ദൈർഘ്യമുള്ള വീഡിയോദൃശ്യവും യുഎസ് പ്രസിഡന്റ് പങ്കുവെച്ചിട്ടുണ്ട്. ഇറാനെ വളരെ മോശമായും അവിവേകത്തോടെയും നയിച്ച നിരവധി സൈനിക നേതാക്കൾ ടെഹ്‌റാനിൽ നടന്ന വൻ ആക്രമണത്തോടെ അവസാനിപ്പിക്കപ്പെട്ടു എന്നായിരുന്നു വീഡിയോക്കൊപ്പം ട്രംപ് കുറിച്ചത്. ആക്രമണത്തിന്റെ ദൃശ്യം പങ്കുവെച്ചിട്ടുണ്ടെങ്കിലും എപ്പോളാണ് ആക്രമണം നടത്തിയതെന്നോ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല.

ഇറാന് അന്ത്യശാസനം നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഇറാനിലെ മുതിർന്ന സൈനിക നേതാക്കളെ വധിച്ചെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനുമേൽ നരകം പെയ്തിറങ്ങുമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം. ഹോർമുസ് തുറക്കാൻ ഇറാന് നീട്ടിനൽകിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കേയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.

ഇറാൻ വെടിവെച്ചിട്ട യു.എസ്. വിമാനത്തിൽനിന്ന് താഴേക്ക് ചാടിയ വൈമാനികനായി ഇറാന്റെയും യു.എസിന്റെയും സൈന്യങ്ങൾ തിരച്ചിൽ തുടരവേയാണ് പ്രസ്താവന. കരാറുണ്ടാക്കിയില്ലെങ്കിൽ ബോംബിട്ട് ഇറാനെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്ന് നേരത്തേ ട്രംപ് ഭീഷണിമുഴക്കിയിരുന്നു.

അതേസമയം, ഇറാനിൽ ഭരണകൂടമാറ്റമെന്ന് പറഞ്ഞ് യുദ്ധം തുടങ്ങിയവരിപ്പോൾ ഹേയ്, നിങ്ങൾ ഞങ്ങളുടെ പൈലറ്റിനെ കണ്ടോ എന്നുള്ളതിലേക്ക് പുരോഗമിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫ് പരിഹസിച്ചു.

ഇറാന്റെ നാവിക-വ്യോമ സേനകളെ തകർത്തുതരിപ്പണമാക്കിയെന്നും യു.എസ്. യുദ്ധം ജയിക്കാറായെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീമ്പുപറയുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള കനത്തപ്രഹരം. വിമാനം വെടിവെച്ചിട്ടത് ഇറാനുമായുള്ള നയതന്ത്രചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു.

അതിനിടെ, റഷ്യയുടെ സഹായത്തോടെ നിർമിച്ച ഇറാന്റെ പ്രധാന ആണവനിലയമായ ബുഷെഹർ ശനിയാഴ്ച യു.എസും ഇസ്രയേലും ചേർന്നാക്രമിച്ചു. ഇവിടെ ഒരു സൈനികൻ മരിച്ചു. 198 തൊഴിലാളികളെ ഒഴിപ്പിച്ചു. നിലയത്തെ നിരന്തരം ആക്രമിക്കുന്നത് അണുവികിരണം ഉണ്ടാകാനിടയാക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. അത് ഇറാനെ മാത്രമല്ല ജി.സി.സി. രാഷ്ട്രങ്ങളിലെ ജനതയെയും തകർത്തുകളയുമെന്നും പറഞ്ഞു. കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്കടുത്താണ് ബുഷെഹർ.

ബഹ്ൈറൻ തീരത്ത് ഇസ്രയേലുമായി ബന്ധമുള്ള വാണിജ്യക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ റെവലൂഷണറി ഗാർഡ് കോർ പറഞ്ഞു. ഖലീഫ് ബിൻ സൽമാൻ തുറമുഖത്തിനുസമീപത്തുവെച്ച് എം.എസ്.എസി. ഇഷൈക എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇറാന്റെ ആക്രമണത്തിൽ ബഹ്റൈനിൽ നാലുപേർക്ക് പരിക്കേറ്റു. ഇസ്രയേൽ ആക്രമണത്തിൽ ലെബനനിലെ ടൈറിൽ ആശുപത്രി തകർന്നു.

യു.എ.ഇ.യിലെ ഗ്യാസ് കോംപ്ലക്‌സിനുസമീപത്തുണ്ടായ ആക്രമണത്തിൽ ഒരു ഈജിപ്ഷ്യൻ പൗരൻ കൊല്ലപ്പെട്ടു. ഇറാനിയൻ ഡ്രോൺ നിർവീര്യമാക്കുന്നതിനിടെ അവശിഷ്ടം വീണ് യു.എസ്. ടെക് സ്ഥാപനമായ ഒറാക്കിളിന്റെ ദുബായിലെ ഇന്റർനെറ്റ് സിറ്റിയിലുള്ള കെട്ടിടത്തിന് കേടുപറ്റി. അബുദാബിയിൽ ഇറാൻ ഡ്രോൺ അവശിഷ്ടം വീണ് വെള്ളിയാഴ്ച അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു.

ഇറാനെതിരേയുള്ള ആക്രമണം നിർത്തിയില്ലെങ്കിൽ 17 യു.എസ്. കമ്പനികളുടെ മേഖലയിലെ ഓഫീസുകൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പുൽകിയിരുന്നു. ഇറാനിൽനിന്ന് വെള്ളി-ശനി ദിവസങ്ങളിൽ ഇസ്രയേലിലേക്കും കനത്ത ആക്രമണമുണ്ടായി. ഇന്റർസെപ്റ്റർ മിസൈലുകൾ വീണ് വീടുകൾക്കും കാറുകൾക്കും കേടുപറ്റി. ടെൽ അവീവിലെ സൈന്യത്തിന്റെ റേഡിയോ സ്റ്റേഷനും തകർന്നു.