കുടുംബത്തോടൊപ്പം ഉറവപ്പാറയിലെത്തി; ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം

കൊച്ചി: ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ മഞ്ഞപ്പെട്ടി അഫ്സലിന്റെയും നൗഫിയയുടെയും മകൾ നഫീസത്തുൽ മിസ്രിയയാണ് മരിച്ചത്. തൊടുപുഴക്ക് സമീപം ഉറവപ്പാറയിൽ വച്ചാണ് മിസ്രിയയ്ക്ക് ഇടിമിന്നലേറ്റത്. പെരുമ്പാവൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.

കുടുംബത്തോടൊപ്പം ഉറവപ്പാറ സന്ദർശിക്കാനെത്തിയതായിരുന്നു മിസ്രിയ എന്നാണ് വിവരം. എന്നാൽ പെട്ടെന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും പെടുകയായിരുന്നു. മിസ്രിയയുടെ പിതാവ് അഫ്സൽ, പ്രദേശവാസി ഗോകുൽ രാജ് എന്നിവർക്കും ഇടിമിന്നലേറ്റ് പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉറവപ്പാറയിലെ പാറക്കെട്ടിൽ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴായിരുന്നു അപകടം. ഇന്ന് വൈകുന്നേരം ഈ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. മിന്നലേറ്റ ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവരും നാട്ടുകാരും മിശ്രിയയേയും പരുക്കേറ്റവരേയും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മിസ്രിയ മരണമടഞ്ഞു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനയച്ചു. നാളെ പെരുമ്പാവൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്കാരം നടക്കും.