കൊൽക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ജനങ്ങളെ മത്സ്യവും മാംസവും കഴിക്കുന്നതിൽ നിന്ന് തടയുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുരുലിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ‘‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യം കഴിക്കാറില്ല. ബിജെപി വരികയാണെങ്കിൽ നിങ്ങൾക്ക് ഇറച്ചിയോ മുട്ടയോ കഴിക്കാൻ കഴിയില്ല. ബിജെപി ഏകപക്ഷീയമാണ്, അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല’’ – മമത ബാനർജി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്നവർ ആക്രമിക്കപ്പെടുകയാണെന്നും മമത പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാർട്ടി കലാപങ്ങൾ ഇളക്കിവിട്ടാണ് അധികാരം പിടിച്ചെടുക്കുന്നത്. ‘‘ഈ ആളുകൾ കലാപങ്ങൾ ഉണ്ടാക്കുന്നു. ആളുകളെ കൊന്നൊടുക്കിയാണ് അവർ അധികാരത്തിൽ വരുന്നത്. ഗോത്രവർഗക്കാർക്കും സ്ത്രീകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നമ്മുടെ ബംഗാളി ഭാഷ സംസാരിക്കുന്നവർ ആക്രമിക്കപ്പെടുന്നു. ഞങ്ങൾ ആരെയും അടിച്ചമർത്താറില്ല’’ – മമത ബാനർജി പറഞ്ഞു.





