ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്. രാജേശ്വരി സുവേയും ആകാൻഷ് ദുലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. റാങ്ക് പട്ടികയിൽ ഇത്തവണയും മലയാളികൾ തിളങ്ങി. ശ്രുതി. ആർ 18ാം റാങ്കും ശ്രീജ ജെ. എസ് 57ാം റാങ്കും, കോഴിക്കോട് സ്വദേശി അജയ് രാജ് 109 ആം റാങ്കും സ്വന്തമാക്കി.
2025 ഓഗസ്റ്റിൽ നടത്തിയ എഴുത്തുപരീക്ഷയ്ക്കും 2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ നടന്ന പേഴ്സണാലിറ്റി ടെസ്റ്റ് അഭിമുഖങ്ങൾക്കും ശേഷമാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്), ഗ്രൂപ്പ് ‘എ’, ഗ്രൂപ്പ് ‘ബി’ വിഭാഗങ്ങളിലായി ആകെ 958 ഉദ്യോഗാർഥികൾ യോഗ്യത നേടി.
തിരഞ്ഞെടുക്കപ്പെട്ട 958 പേരിൽ 317 പേർ ജനറൽ വിഭാഗത്തിൽ നിന്നും, 104 പേർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നും, 306 പേർ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നും, 158 പേർ പട്ടികജാതിയിൽ നിന്നും, 73 പേർ പട്ടികവർഗത്തിൽ നിന്നുള്ളവരുമാണ്.
upsc.gov.in എന്ന വെബ്‌സൈറ്റിൽ ഫലം പരിശോധിക്കാം. പരീക്ഷ/നിയമനം സംബന്ധിച്ച വിവരങ്ങൾ/വ്യക്തതകൾ എന്നിവയ്ക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ 23385271/23381125/23098543 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.





