ഡ്രോൺ ഉപയോഗിച്ച് കടലിനു മുകളിൽ ഭർത്താവിന്റെ ചിതാഭസ്മം വിതറി ഒരു ഭാര്യയുടെ യാത്രയയപ്പ്. ഭർത്താവിന് അത് ഏറെ ഇഷ്ടമായിട്ടുണ്ടാകും എന്നാണ് ഭാര്യ പറയുന്നത്. ലിങ്കൺഷെയറിലെ അൽഫോർഡ് സ്വദേശിനിയായ 70-കാരി ജെന്നി ഫോക്സ് ആണ് തന്റെ ഭർത്താവ് അലന്റെ ചിതാഭസ്മം സ്കെഗ്നസ് കടലിൽ ഡ്രോൺ വഴി വിതറിയത്.
കടൽത്തീരത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയ വേളയിൽ, ഡ്രോൺ അവർക്ക് മുകളിലൂടെ വട്ടമിട്ടു പറന്ന് ചിതാഭസ്മം നോർത്ത് സീയിലേക്ക് ഒഴുക്കുകയായിരുന്നു. ‘വാക്കുകൾക്ക് അതീതമായിരുന്നു ആ അനുഭവം, അത് അത്രമേൽ മനോഹരമായിരുന്നു’ എന്നാണ് ജെന്നി ഇതേ കുറിച്ച് പറഞ്ഞത്.
ബ്ലാഡർ ക്യാൻസറും വൃക്കരോഗവും ബാധിച്ച് 2025 മെയ് മാസത്തിലാണ് അലൻ അന്തരിച്ചത്. റോയൽ നേവിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം പിന്നീട് ഒരു മത്സ്യത്തൊഴിലാളിയായും ജോലി ചെയ്തിട്ടുണ്ട്. കിഴക്കൻ തീരത്തെ ബീച്ചുകളുമായി അദ്ദേഹത്തിന് വലിയ ബന്ധം തന്നെയുണ്ടായിരുന്നു. 40 വർഷത്തോളം നീണ്ട തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിൽ ഭൂരിഭാഗവും ലിങ്കൺഷെയർ തീരങ്ങളിലൂടെ നടക്കാനാണ് അവർ സമയം കണ്ടെത്തിയിരുന്നത്.
അലന് വിമാനങ്ങളോടുള്ള താൽപ്പര്യവും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതവും കണക്കിലെടുത്താണ് ചിതാഭസ്മം വിതറാൻ ഡ്രോൺ തിരഞ്ഞെടുത്തതെന്ന് ജെന്നി പറയുന്നു. ‘കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളെ എല്ലാവരെയും വല്ലാതെ തളർത്തിയിരുന്നു. എന്നാൽ, ഈ ചിതാഭസ്മം വിതറിയത് അദ്ദേഹത്തിനുള്ള മാന്യമായ ഒരു വിടവാങ്ങലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആഘോഷം ഓർമ്മപ്പെടുത്തുന്നതും ആയിരുന്നു’ എന്നും ജെന്നി പറഞ്ഞു.

