തെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ വ്യോമ, മിസൈൽ ആക്രമണങ്ങളിൽ കുറഞ്ഞത് 201 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രെസന്റ്. ഇറാനിലെ 20-ലധികം പ്രവിശ്യകളിൽ ഏകോപിതമായ ആക്രമണങ്ങളാണ് നടന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയാണ് ആക്രമണം പ്രധാനമായും ബാധിച്ചത്.
തെക്കൻ ഇറാനിലെ ഒരു സ്കൂളിന് നേരെ ഉണ്ടായ ആക്രമണത്തിൽ 85 വിദ്യാർഥികളും അധ്യാപകരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി രക്ഷാപ്രവർത്തനം നടന്നുവരുന്നു.
ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങളും നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതുമാണ് ഇപ്പോഴത്തെ സൈനിക നീക്കത്തിന് കാരണം. സുരക്ഷാ ഭീഷണികൾക്കെതിരായ മുൻകരുതൽ നടപടി എന്നാണ് യുഎസും ഇസ്രയേലും ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇത് തങ്ങളുടെ പരമാധികാരത്തിന്മേലുള്ള ലംഘനമാണെന്ന് ഇറാൻ പ്രതികരിച്ചു.
യുദ്ധഭീതിയെത്തുടർന്ന് ജനങ്ങൾക്കിടയിൽ വ്യാപകമായ പലായനം നടക്കുന്നു. വ്യോമാതിർത്തികൾ അടച്ചതും ആശയവിനിമയ തടസ്സങ്ങളും ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കാനും സംഘർഷം കുറയ്ക്കാനും അന്താരാഷ്ട്ര മാനുഷിക സംഘടനകൾ ആവശ്യപ്പെട്ടു.
ആക്രമണത്തിന് പിന്നാലെ റാഫ ക്രോസിംഗും ഉൾപ്പെടെ ഗാസ മുനമ്പിലേക്കുള്ള എല്ലാ ക്രോസിംഗുകളും അടച്ചു. അതിർത്തികൾ അടയ്ക്കുന്നത് ഗാസയിലെ മാനുഷിക സാഹചര്യങ്ങളെ ബാധിക്കില്ലെന്നാണ് ഇസ്രയേലി ഏജൻസിയുടെ അവകാശവാദം. വിദഗ്ദ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകേണ്ട ആയിരക്കണക്കിന് പലസ്തീനികൾ ഗാസയിൽ കുടുങ്ങിക്കിടക്കുകയാണ്. ക്രോസിംഗുകൾ അടച്ചതോടെ ഇവരുടെ ഒഴിപ്പിക്കൽ കൂടുതൽ അനിശ്ചിതത്വത്തിലായി.
