മിഡിൽ ഈസ്റ്റ് സംഘർഷം: കുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്‌കാരം ഒഴിവാക്കാൻ നിർദ്ദേശം

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്‌കാരം ഒഴിവാക്കാൻ നിർദ്ദേശം.

കുവൈത്ത് ഇസ്‌ലാമിക കാര്യ മന്ത്രാലയമാണ് ശനിയാഴ്ച രാത്രിയോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തെ എല്ലാ പള്ളികളിലും തറാവീഹ് നമസ്‌കാരം നിർത്തിവെക്കാനാണ് തീരുമാനം.

ഇറാന് നേരെ അമേരിക്കയും ഇസ്റാഈലും നടത്തിയ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി. റമസാൻ മാസമായതിനാൽ പള്ളികളിൽ വിശ്വാസികളുടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാത്രി നമസ്‌കാരം ഒഴിവാക്കിയത്. പള്ളികളിൽ ഇശാ നമസ്‌കാരം മാത്രമേ ഇനി നിർവ്വഹിക്കുകയുള്ളൂ എന്ന് ടൈംസ് കുവൈത്ത് റിപ്പോർട്ട് ചെയ്തു.

യു എ ഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്നും അധികൃതർ നിർദ്ദേശം നൽകി.