സഊദിയിൽ പ്രവാസികൾക്ക് തിരിച്ചടിയായി സഊദിവത്കരണതോത് വർധിപ്പിച്ചു ; സെയിൽസ് ആൻഡ് മാർക്കറ്റിംഗിലെ സഊദിവത്കരണ നിരക്ക് ഉയർത്തി

0
9

റിയാദ് : സഊദിയുടെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്ക് കൂടുതൽ ഉത്തേജകമായ തൊഴിലവസരങ്ങൾ നൽകുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷം 2026 ഏപ്രിൽ 19 മുതൽ മാർക്കറ്റിംഗ്, സെയിൽസ് പ്രൊഫഷനുകളിൽ സഊദിവത്കരണ നിരക്ക് ഉയർത്താനുള്ള തീരുമാനങ്ങൾ നടപ്പിലാക്കാൻ ആരംഭിക്കുന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എംഒഎച്ച്ആർഇ) പ്രഖ്യാപിച്ചു. സെയില്സിലും മാർക്കറ്റിങ്ങിലുമുള്ള വിവിധ പ്രൊഫഷനുകളിൽ 3 അല്ലെങ്കിൽ അതിലധികമോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾക്ക് നീക്കം ബാധകമാണ്.

സ്വകാര്യ മേഖലയിലെ മാർക്കറ്റിംഗ്, സെയിൽസ് പ്രൊഫഷനുകളിലെ സഊദിവത്കരണം 60% ആയി ഉയർത്താനാണു തീരുമാനം. ഈ പ്രൊഫഷനുകളിൽ 3 അല്ലെങ്കിൽ അതിലധികം തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് നിയമം ബാധകമാണെന്നും മാർക്കറ്റിംഗ് പ്രൊഫഷനുകളിലെ സഊദിവത്കരണ ശതമാനത്തിൽ സഊദി തൊഴിലാളികൾക്കിടയിൽ കുറഞ്ഞത് വേതനം 5,500 റിയാൽ കണക്കാക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.

മാർക്കറ്റിംഗ് മാനേജർ, അഡ്വർടൈസിംഗ് ഏജന്റ്, അഡ്വർടൈസിംഗ് മാനേജർ, ഗ്രാഫിക് ഡിസൈനർ, അഡ്വർടൈസിംഗ് ഡിസൈനർ, പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ്, അഡ്വർടൈസിംഗ് സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, പബ്ലിക് റിലേഷൻസ് മാനേജർ, ഫോട്ടോഗ്രാഫർ എന്നീ പ്രൊഫഷനുകൾ മാർക്കറ്റിംഗിൽ സഊദിവത്കരണം ലക്ഷ്യമിടുന്ന പ്രൊഫഷനുകളിൽ ഉൾപ്പെടുന്നു.

സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് റെപ്രസെന്റേറ്റീവ്, ഹോൾസെയിൽ സെയിൽസ് റെപ്രസെന്റേറ്റീവ്, സെയിൽസ് റെപ്രസെന്റേറ്റീവ്, ഐസിടി ഹാർഡ് വെയർ സെയിൽസ് സ്പെഷ്യലിസ്റ്റ്, സെയിൽസ് സ്പെഷ്യലിസ്റ്റ്, കൊമേഴ്സ്യൽ സ്പെഷ്യലിസ്റ്റ്, കമ്മോഡിറ്റി ബ്രോക്കർ എന്നിവയാണ് സെയിൽസിലെ ടാർഗെറ്റുചെയ്ത തൊഴിലുകളിൽ

സഊദിവത്കരണം കണക്കാക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും ലംഘിക്കുന്നവർക്കെതിരായ പിഴകളെക്കുറിച്ചും തൊഴിലുടമകളെയും സ്ഥാപനങ്ങളെയും അറിയിക്കുന്നതിനായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രണ്ട് തീരുമാനങ്ങളുടെ നടപടിക്രമ മാനുവലുകൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. പറയപ്പെട്ട തൊഴിലുകളുടെ വിശദാംശങ്ങൾ, അപേക്ഷയുടെ സംവിധാനങ്ങൾ, സഊദിവത്കരണ നിരക്കുകളുടെ കണക്കുകൂട്ടൽ എന്നിവ അതിൽ ഉൾപ്പെട്ടിട്ടുണ്ട്.

വിവിധ മേഖലകളിൽ സഊദി യുവതി യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള തൊഴിൽ വിപണി തന്ത്രത്തിന്റെയും സഊദി വിഷൻ 2030 ന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രൊഫഷനുകളുടെ സഊദിവത്കരണ നിരക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള സൂപ്പർവൈസറി സർക്കാർ ഏജൻസികളുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായാണ് പുതിയ തീരുമാനങ്ങൾ.