മലപ്പുറം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതര്‍ക്കായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിര്‍മിച്ച് നൽകുന്ന സ്നേഹ ഭവനങ്ങളുടെ താക്കോൽ കൈമാറി. സാദിഖലി തങ്ങൾ, പ്രിയങ്ക ഗാന്ധി എന്നിവർ ചേർന്നാണ് താക്കോൽ കൈമാറിയത്. മൊത്തം 105 വീടുകളാണ് ലീഗ് നിര്‍മിച്ചു നല്‍കുന്നത്.
അതിലെ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 51 വീടുകളാണ് ഇന്ന് കൈമാറുക. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.
എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന് ബെഡ്റൂമുകള്‍, രണ്ട് ബാത്ത് റൂം, അടുക്കള, ഡ്രൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്. രണ്ടാംഘട്ട വീടുകളുടെ നിര്‍മാണം ആരംഭിച്ചതായി നേതാക്കള്‍ അറിയിച്ചു. നിലവിലുള്ള പ്രൊജക്ട് സെറ്റിന് സമീപം തന്നെയാണ് രണ്ടാംഘട്ട വീടുകളും ഒരുങ്ങുന്നത്. മെയ് 30നകം ഈ വീടുകള്‍ കൂടി സജ്ജമാക്കുമെന്നാണ് നേതൃത്വം അറിയിക്കുന്നത്.





