- ആദ്യ മൂന്നില്‍ ഇടംപിടിച്ച് യു.എ.ഇ, ഒമ്പതാം സ്ഥാനത്ത് സഊദി
- ആദ്യ 40 സ്ഥാനങ്ങളില്‍ പോലും ഉൾപെടാൻ കഴിയാതെ ഇന്ത്യ
ദുബൈ: ആഗോളതലത്തില്‍ താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിച്ച് യു.എ.ഇ ചരിത്രനേട്ടം കുറിച്ചു. ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പുറത്തിറക്കിയ 2026ലെ ‘ഗ്ലോബല്‍ റെസിഡന്‍സ് പ്രോഗ്രാം ഇന്‍ഡക്‌സി’ലാണ് (2026 Global Residence Program Index by Henley & Partners) യു.എ.ഇ മികച്ച മുന്നേറ്റം നടത്തിയത്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന രാജ്യം ഇത്തവണ സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ്.
ഇന്‍ഡക്‌സ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് യു.എ.ഇ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ അറബ്, ഗള്‍ഫ് രാജ്യവും യു.എ.ഇയാണ്. ലോകമെമ്പാടുമുള്ള നൂറിലധികം റെസിഡന്‍സ് പ്രോഗ്രാമുകളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച 40 എണ്ണത്തെ താരതമ്യം ചെയ്താണ് ഈ റാങ്കിങ് തയ്യാറാക്കിയത്.
ഇമിഗ്രേഷന്‍ വിദഗ്ധര്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘം രാജ്യത്തിന്റെ സല്‍പ്പേര്, ജീവിതനിലവാരം, നികുതി കാര്യക്ഷമത, നിക്ഷേപ ആവശ്യകതകള്‍, സുരക്ഷ തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. സഊദി അറേബ്യ ഒമ്പതാം സ്ഥാനത്തും ഉണ്ട്. അതേസമയം, ഇന്ത്യ ആദ്യ 40 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല.
ആഗോള മുന്‍ഗണനകളില്‍ മാറ്റം
യൂറോപ്യന്‍ രാജ്യങ്ങള്‍ കാലങ്ങളായി നിലനിര്‍ത്തിപ്പോന്ന മേധാവിത്വത്തിന് യു.എ.ഇ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 73 പോയിന്റോടെ ഗ്രീസ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, 72 പോയിന്റുകള്‍ നേടിയാണ് യു.എ.ഇ രണ്ടാം സ്ഥാനത്തെത്തിയത്.
എന്തുകൊണ്ട് യു.എ.ഇ
താഴെ പറയുന്ന വിവിധ ഘടകങ്ങളാണ് പോര്‍ച്ചുഗല്‍, കാനഡ, യു.കെ, യു.എസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെയെല്ലാം പിന്നിലാക്കി യു.എ.ഇ മൂന്നാം സ്ഥാനത്തെത്താന്‍ കാരണം.
- ആഗോള സമ്പന്നരുടെ കേന്ദ്രം: അന്താരാഷ്ട്ര തലത്തില്‍ നിക്ഷേപകരെയും സംരംഭകരെയും ആകര്‍ഷിക്കുന്ന നയങ്ങള്‍ യു.എ.ഇയുടെ സ്ഥാനം മെച്ചപ്പെടുത്തി.
- നികുതി കാര്യക്ഷമത: നികുതി വ്യവസ്ഥയിലെ ലാളിത്യത്തിലും കാര്യക്ഷമതയിലും മൊണാക്കോ, സഊദി അറേബ്യ എന്നിവയ്‌ക്കൊപ്പം യു.എ.ഇയും മുന്നിലെത്തി.
- ജീവിതനിലവാരം: കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം മികച്ച ജീവിതസൗകര്യങ്ങള്‍ ഉറപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ ഇടംപിടിച്ചു.
- വ്യക്തമായ നിയമങ്ങള്‍: ലളിതമായ റെസിഡന്‍സി നടപടിക്രമങ്ങളും സുസ്ഥിരമായ ഭരണനയങ്ങളും വിദേശി കുടുംബങ്ങള്‍ക്ക് രാജ്യത്തുള്ള വിശ്വാസം വര്‍ധിപ്പിച്ചു.
- തന്ത്രപരമായ മാറ്റം: രാജ്യത്തിന്റെ സാമ്പത്തിക ആസൂത്രണത്തില്‍ റെസിഡന്‍സി പ്രോഗ്രാമുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് സി.ഇ.ഒ ജുര്‍ഗ് സ്റ്റീഫന്‍ പറഞ്ഞു. കേവലം വരുമാന മാര്‍ഗ്ഗമെന്നതിലുപരി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ കഴിവുള്ളവരെയും നിക്ഷേപകരെയും ആകര്‍ഷിക്കാനുള്ള തന്ത്രപരമായ ഉപകരണമായാണ് ഗവണ്‍മെന്റുകള്‍ ഇത്തരം പദ്ധതികളെ കാണുന്നത്.
യു.എ.ഇയിലെ നിലവിലെ താമസക്കാരെ സംബന്ധിച്ചിടത്തോളം, ഈ റാങ്കിങ് രാജ്യത്തെ ഒരു താത്കാലിക താവളമെന്നതിലുപരി സുരക്ഷിതമായ ഒരു ദീര്‍ഘകാല താമസയിടമായി അടയാളപ്പെടുത്തുന്നു. സമ്പന്നരായ പ്രവാസികളുടെയും നിക്ഷേപകരുടെയും കുടിയേറ്റം വരും വര്‍ഷങ്ങളില്‍ യു.എ.ഇയിലേക്ക് വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആദ്യ 14 രാജ്യങ്ങളുടെ റാങ്ക്, ആകെ സ്കോർ
1 ഗ്രീസ് 73
2 യു.എ.ഇ 72
2 ഇറ്റലി 72
2 സ്വിറ്റ്‌സർലൻഡ് 72
3 പോർച്ചുഗൽ 71
4 ഓസ്‌ട്രേലിയ 69
5 കാനഡ 68
5 ഉറുഗ്വേ 68
6 ലക്സംബർഗ് 67
6 യു.കെ 67
7 കോസ്റ്റാറിക്ക 65
7 പനാമ 65
7 സിംഗപ്പൂർ 65
8 ന്യൂസിലാൻഡ് 63
9 മാൾട്ട 61
9 സഊദി അറേബ്യ 61
10 ലാത്വിയ 60
10 യു.എസ്.എ 60
11 സൈപ്രസ് 59
11 മാൽഡീവ്സ് 59
11 മൊണാക്കോ 59
11 തായ്‌ലൻഡ് 59
12 മലേഷ്യ 51
13 മൗറീഷ്യസ് 50
14 ഹോങ്കോങ് 49.





