ബുർജ് അൽ അറബ് 18 മാസത്തേക്ക് അടയ്ക്കുന്നു; ചരിത്രത്തിലാദ്യമായി വൻ നവീകരണത്തിന് ഒരുങ്ങി ദുബായിലെ അത്യാഢംബര ഹോട്ടൽ

0
6
  • സ്വർണ്ണപ്പാളികളും വിലകൂടിയ മാർബിളുകളും, സ്വാറോവ്സ്കി ക്രിസ്റ്റലുകളും കൊണ്ട് അലംകൃതമായ ഇതിന്റെ അകത്തളം വിശ്വപ്രസിദ്ധമാണ്.

ദുബായ്: ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഹോട്ടലുകളിലൊന്നായ ദുബായിലെ ബുർജ് അൽ അറബ് നവീകരണത്തിനൊരുങ്ങുന്നു. 1999-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹോട്ടലിൽ ഇത്രയും വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത 18 മാസത്തേക്ക് ഹോട്ടൽ അടച്ചിടുമെന്ന് ജുമൈറ ഗ്രൂപ്പ് അറിയിച്ചു.

ഈ ഐതിഹാസിക കെട്ടിടത്തെ വരുംതലമുറകൾക്കായി സംരക്ഷിക്കാനാണ് ഈ പദ്ധതിയെന്നാണ് ദുബായ് ഹോൾഡിംഗിന്റെ കീഴിലുള്ള ജുമൈറ ഗ്രൂപ്പ് പറയുന്നത്.

27 നിലകളുള്ള ഈ ഹോട്ടൽ ആധുനിക ദുബായിയുടെ വളർച്ചയുടെയും ലക്ഷ്യങ്ങളുടെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ 198 ആഡംബര സ്യൂട്ടുകളാണ് ഇവിടെയുള്ളത്. സ്വർണ്ണപ്പാളികളും വിലകൂടിയ മാർബിളുകളും, സ്വാറോവ്സ്കി ക്രിസ്റ്റലുകളും കൊണ്ട് അലംകൃതമായ ഇതിന്റെ അകത്തളം വിശ്വപ്രസിദ്ധമാണ്. നവീകരണത്തിന് ശേഷവും ഹോട്ടലിന്റെ സവിശേഷമായ പായ്ക്കപ്പൽ ആകൃതിയിൽ മാറ്റമുണ്ടാകില്ല.