ആലപ്പുഴ: ചേര്‍ത്തലയില്‍ പോര്‍ക്ക് മന്തിയുമായി റംസാന്‍ ആശംസ പോസ്റ്റര്‍ പ്രചരിപ്പിച്ച പ്രതിക്കെതിരെ സ്വമേധയാ കേസെടുത്ത് ചേര്‍ത്തല പൊലിസ്. ചേര്‍ത്തല സ്വദേശി രതീഷ് പണിക്കറിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയതത്. ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ച് മന്തിക്കടയുടെ പോസ്റ്റര്‍ പ്രചരിപ്പിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്.
മെഹര്‍ മന്തിക്കടയുടെ പേരിലാണ് പുതിയ പോസ്റ്ററും പ്രചരിപ്പിച്ചത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപൂര്‍വമോ, ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ്.
കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ മെഹര്‍ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്ററില്‍ ശ്രീകൃഷ്ണന്റെ ചിത്രം ഉള്‍പ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവത്തില്‍ കടയുടമ ഹര്‍ഷാദിനെതിരെ കേസെടുത്ത പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തത്. കടയുടമക്കെതിരെ ആലപ്പുഴയിലെ അഭിഭാഷകനാണ് പരാതി നല്‍കിയത്.





