ഇന്ന് ഒറ്റദിവസം സംസ്ഥാനത്ത് പവന് കൂടിയത് 8,640 രൂപ! ഗ്രാമിന് 1,080 രൂപയും. ഇത്രയും വർധന ഇതിനു മുൻപുണ്ടായിട്ടില്ല. പവൻവില 1,31,160 രൂപയിലെത്തി. ജിഎസ്ടിയും (3%), പണിക്കൂലിയും (മിനിമം 10%), ഹോൾമാർക്ക് ഫീസും (53.10 രൂപ) ചേരുമ്പോൾ വാങ്ങൽവില ഒറ്റപവൻ ആഭരണത്തിന് 1.50 ലക്ഷം രൂപയ്ക്കടുത്ത് വരും. 16,395 രൂപയാണ് ഗ്രാം വില.
എന്തുകൊണ്ട് ഇത്രയും മുന്നേറ്റം?
രാജ്യാന്തര വില ഓരോ ഡോളർ കൂടുമ്പോഴും കേരളത്തിൽ ഗ്രാമിന് 2 രൂപ മുതൽ 2.50 രൂപവരെ കൂടും. രാജ്യാന്തരവില 500 ഡോളറിലേറെയാണ് ഇന്നൊരു ഘട്ടത്തിൽ ഉയർന്നത്. പിന്നീടത് 460 ഡോളറിലേക്ക് കുറഞ്ഞു. അതായത്, കേരളത്തിൽ ഇന്ന് പവന് 10,000 രൂപ കൂടിയാലും അദ്ഭുതപ്പെടേണ്ടിയിരുന്നില്ല. ഇക്കാര്യം ഇന്നു രാവിലെ ‘മനോരമ മാർക്കറ്റ് സ്കാൻ’ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എന്ത് ചെലവ് വരും?
1,31,160 രൂപയാണ് പവൻ വില. ഗ്രാമിന് 16,395 രൂപയും. ഇന്നൊരു ഗ്രാം സ്വർണാഭരമം വാങ്ങാൻ മിനിമം 10% പണിക്കൂലി പ്രകാരം 18,582 രൂപയാകും. 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും ഉൾപ്പെടെയാണിത്. ഒരു പവൻ ആഭരണം വാങ്ങാൻ 1,48,659 രൂപയും വേണം. അതായത്, ഒറ്റപ്പവൻ വാങ്ങാൻ ജ്വല്ലറികളിൽ പോകുന്നവർ കൈയിൽ ഒന്നരലക്ഷം രൂപയ്ക്കടുത്ത് കരുതണം.
രാജ്യാന്തര സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയരമായ 5,578 ഡോളർ വരെ എത്തിക്കഴിഞ്ഞു. 5,600 ഡോളർ എന്ന നാഴികക്കല്ല് അകലെയല്ല. വൈകാതെ 6,000വും ഭേദിച്ചേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സ്വർണവില കൂടുന്നതിന്റെ കാരണങ്ങൾ ഇങ്ങനെ:
1) ആഗോള സമ്പദ്‍വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ഓഹരി, കടപ്പത്രം, കറൻസി എന്നിവ അസ്ഥിരമാകുകയും സ്വർണനിക്ഷേപങ്ങൾക്ക് സ്വീകാര്യത കൂടുകയും ചെയ്യും. വിലയും കുതിക്കും.
2) ഇറാൻ-യുഎസ് സംഘർഷ ഭീതി, റഷ്യ-യുക്രെയ്ൻ സംഘർഷം എന്നിവ സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുന്നു. ഗോൾഡ് ഇടിഎഫിൽ നിക്ഷേപം കൂടുകയാണ്. ഡോളറിനു പകരം കേന്ദ്രബാങ്കുകൾ വിദേശനാണയ ശേഖരത്തിലേക്ക് സ്വർണമാണ് ഇപ്പോൾ വൻതോതിൽ വാങ്ങിക്കൂട്ടുന്നത്.
3) യുഎസ് ഫെഡ് നയം: പ്രതീക്ഷിച്ചതുപോലെ പലിശനിരക്കിൽ മാറ്റംവരുത്താതെ യുഎസ് ഫെഡ് പണനയം പ്രഖ്യാപിച്ചു. ഇത് വിപണി പ്രതീക്ഷിതുമാണ്. അതുകൊണ്ടുതന്നെ തീരുമാനം സ്വർണവിലയുടെ ഇടിവിന് വഴിവച്ചില്ല.
4) രാജ്യാന്തര വില രാവിലെ ഔൺസിന് 460 ഡോളറിലെറെ മുന്നേറി. ഇപ്പോഴുള്ളത് 5,550 ഡോളറിൽ.
18 കാരറ്റും വെള്ളിയും
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് രാവിലെ 885 രൂപ മുന്നേറി റെക്കോർഡ് 13,550 രൂപയിലെത്തി. വെള്ളിക്ക് ഗ്രാമിന് 30 രൂപ ഉയർന്ന് 410 രൂപയായി. വെള്ളി 400 കടന്നത് ആദ്യം. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയ പ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 885 രൂപ ഉയർന്ന് 13,465 രൂപയാണ്. വെള്ളിവില 410 രൂപ.
സ്വർണത്തിന് സമാനമായി വെള്ളിക്കും രാജ്യാന്തര തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന പെരുമ കിട്ടുന്നതാണ് വിലക്കുതിപ്പ് സൃഷ്ടിക്കുന്നത്. വെള്ളി ഇടിഎഫുകളിൽ നിക്ഷേപം കൂടുന്നു. വ്യവസായിക രംഗത്തു നിന്നുള്ള മികച്ച ഡിമാൻഡും വിലക്കുതിപ്പിന് വളമാകുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business





