ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ നേരിയ അസ്വസ്ഥതകളെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ എത്തി.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ സോണിയ ഗാന്ധിയുടെ ബ്രോങ്കിയല്‍ ആസ്തമയ്ക്ക് നേരിയ വർധനവുണ്ടായതായി കണ്ടെത്തിയെന്ന് സർ ഗംഗാറാം ആശുപത്രി ചെയർമാൻ അജയ് സ്വരൂപ് സ്ഥിരീകരിച്ചിരുന്നു.





