സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി20 പാർട്ടി എൻഡിഎയിൽ

0
112

തിരുവനന്തപുരം: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി20 പാർട്ടി എൻഡിഎയിൽ. ചെയർമാൻ സാബു ജേക്കബും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്ത് മാരാർജി ഭവനിൽ നടത്തിയ കൂടിക്കാഴ്‌ചയ്ക്കു പിന്നാലെ ഇരുവരും സംയുക്ത വാർത്താസമ്മേളനത്തിലാണ് മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്.

നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താനിരിക്കെയാണ് നിർണായക നീക്കം. ആദ്യമായാണ് ട്വന്റി 20 ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. ബിജെപി ദേശീയ നേതൃത്വവുമായി ഉള്‍പ്പെടെ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ട്വന്റി 20യുടെ തീരുമാനം.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ യുഡിഎഫ് സാബു ജേക്കബുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശന വേളയില്‍ കൂടിക്കാഴ്ചയ്ക്കു കളമൊരുക്കാന്‍ യുഡഎഫ് നേതൃത്വം ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനിടയില്‍ ഡല്‍ഹിയിലെത്തിയ സാബു ജേക്കബ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഉള്‍പ്പെടെ നടത്തിയ കൂടിക്കാഴ്ചയിലാണ് എന്‍ഡിഎ ബന്ധം സംബന്ധിച്ച് ധാരണയായത്. അറിയേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും അവരുടെ അനുമതിയോടെയാണ് സഖ്യം സാധ്യമായതെന്നും സാബു ജേക്കബ് പറഞ്ഞു.

ട്വന്റി 20യെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ തീരുമാനമാണ് ഇതെന്നു സാബു ജേക്കബ് പറഞ്ഞു. ഇടത്, വലത് മുന്നണികള്‍ കേരളം ഭരിച്ചു മുടിക്കുന്നത് അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണു പാര്‍ട്ടി രൂപീകരിച്ചത്. 14 വര്‍ഷമായി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ ട്വന്റി 20 യെ ഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്യണമെന്ന ലക്ഷ്യത്തോടെ ഇരുമുന്നണികളും വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി, എസ്ഡിപിഐ തുടങ്ങി 25 രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയാണ് മത്സരിച്ചത്. ചരിത്രത്തില്‍ ആദ്യമായാവും ഇരുമുന്നണികളും സ്വന്തം ചിഹ്നം ഒഴിവാക്കി മത്സരിച്ചത്.

എന്നിട്ടും 89 സീറ്റില്‍ വിജയിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഭരിച്ചിരുന്ന രണ്ടു പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടെങ്കിലും രണ്ടെണ്ണം പിടിച്ചെടുക്കാനും രണ്ടെണ്ണം നിലനിര്‍ത്താനും കഴിഞ്ഞു. വോട്ട് ശതമാനം മൂന്നു ശതമാനം വര്‍ധിപ്പിച്ചു. ഇത്രയും പേര്‍ ഒന്നിച്ചു മത്സരിച്ചിട്ടും ഞങ്ങളെ തോല്‍പിക്കാന്‍ കഴിയാത്തത് ഇരുമുന്നണികളുടെയും പിടിപ്പുകേടാണെന്നും സാബു ജേക്കബ് പറഞ്ഞു.