ഭാര്യയെ കൊലപ്പെടുത്തിയ കേസ്; കോടതിയിൽ വിചിത്ര വാദം ഉന്നയിച്ച് ഭർത്താവ്

0
161

അഡലെയ്ഡ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചിത്ര വാദം ഉന്നയിച്ച് ഭർത്താവ്. ഓസ്ട്രേലിയയിലെ അഡലെയ്ഡിൽ കഴിഞ്ഞ ഡിസംബറിലാണ് കൊലപാതകം നടന്നത്. ഗാർഹിക പീഡനത്തെ തുടർന്നായിരുന്നു യുവതിയുടെ മരണം.

ഡിസംബർ 21 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നോർത്ത് ഫീൽഡ് സബർബിലെ താമസക്കാരനായ വിക്രാന്ത് ഠാക്കൂർ (42) ഭാര്യ സുപ്രിയ ഠാക്കൂറിനെ (36) വീട്ടിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ സംഭവസ്ഥലത്തുവച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദമ്പതികളുടെ വീട്ടിൽ ഗാർഹിക പീഡനം നടക്കുന്നു എന്ന വിവരത്തെത്തുടർന്ന് പൊലീസ് അവിടേക്കെത്തുകയായിരുന്നു. തുടർന്ന് സുപ്രിയയെ അബോധാവസ്ഥയിൽ കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവതി മരണപ്പെട്ടു.

പ്രതി വിക്രാന്ത് ഠാക്കൂർ അഡലെയ്ഡ് മജിസ്ട്രേറ്റ് കോടതിയിൽ താൻ ഭാര്യയെ കൊന്നു എന്ന് സമ്മതിച്ചു. പക്ഷേ, കൊലപാതകത്തിൽ താൻ കുറ്റക്കാരനല്ലെന്ന വിചിത്ര വാദമാണ് അയാൾ ഉന്നയിച്ചത്. ‘ഞാൻ എന്റെ ഭാര്യയെ കൊന്നു, പക്ഷേ അത് കൊലപാതകമായിരുന്നില്ല’ എന്നാണ് അയാൾ പറഞ്ഞത്.

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിക്രാന്തിനെ വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു. അപ്പോഴാണ് തന്റെമേൽ നരഹത്യാ കുറ്റം ചുമത്തിക്കൊള്ളൂ എന്നാൽ കൊലപാതകത്തിൽ താൻ കുറ്റക്കാരനല്ലെന്നു പ്രതി വാദിച്ചത്.