ജക്കാർത്ത: ഇന്തോനേഷ്യയിലെ ഉൾനാടൻ മേഖലയിൽ 11 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി. ഇന്തോനേഷ്യ എയർ ട്രാൻസ്‌പോർട്ടിന്റെ ATR 42-500 ടർബോപ്രോപ്പ് വിമാനമാണ് ഇന്ന് ഉച്ചയോടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. പർവതനിരകൾക്ക് മുകളിലൂടെയുള്ള യാത്രയ്ക്കിടെ വിമാനവുമായുള്ള ബന്ധം പെട്ടെന്ന് വിച്ഛേദിക്കപ്പെടുകയായിരുന്നു.
യാത്രക്കാരുമായി യോഗ്യകാർത്തയിൽ നിന്ന് സൗത്ത് സുലവേസിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ജാവയ്ക്കും സുലവേസി ദ്വീപിനും ഇടയിലുള്ള ആകാശത്തുവെച്ചാണ് കാണാതായത്. ലാൻഡിംഗിന് തൊട്ടുമുൻപുള്ള നിർദ്ദേശങ്ങൾ എയർ ട്രാഫിക് കൺട്രോൾ കൈമാറിയെങ്കിലും, മിനിറ്റുകൾക്കകം വിമാനം റഡാറിൽ നിന്ന് മറഞ്ഞു. പർവതമേഖലയിലെ പ്രതികൂല കാലാവസ്ഥയാണോ അതോ സാങ്കേതിക തകരാറാണോ കാരണമെന്ന് വ്യക്തമല്ല.
തെക്കൻ സുലവേസി പ്രവിശ്യയിലെ മാറോസിലുള്ള ലിയാങ്-ലിയാങ് പർവതമേഖലയിലാണ് വിമാനം അവസാനമായി ട്രാക്ക് ചെയ്തത്. ഇതിനു പിന്നാലെ ബുലുസറാങ് പർവതത്തിന് മുകളിൽ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. പർവതനിരകളിൽ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
രക്ഷാദൗത്യം ഊർജ്ജിതം വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഗ്രൗണ്ട് യൂണിറ്റുകളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 11 പേരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ജീവഹാനിയെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.





