മലമ്പുഴ പീഡനക്കേസ്: മദ്യം നൽകി പീഡിപ്പിച്ചത് നിരവധി വിദ്യാർഥികളെ; അധ്യാപകനെതിരെ കൂടുതൽ പരാതികൾ

0
27

പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ റിമാൻഡിലുള്ള അധ്യാപകൻ അനിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഇയാളുടെ പീഡനത്തിനിരയായതായി അഞ്ച് വിദ്യാർഥികൾ കൂടി പരാതിയുമായി രംഗത്തെത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) നടത്തിയ കൗൺസിലിങ്ങിനിടെയാണ് കൂടുതൽ കുട്ടികൾ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്. 

സി.ഡബ്ല്യു.സി കൈമാറിയ പരാതികളുടെ അടിസ്ഥാനത്തിൽ മലമ്പുഴ പൊലിസ് ഇന്ന് അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. യു.പി ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളാണ് സംസ്കൃത അധ്യാപകനായ അനിലിന്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായുള്ള സി.ഡബ്ല്യു.സിയുടെ കൗൺസിലിങ്ങ് വരും ദിവസങ്ങളിലും തുടരും.

ഇതോടെ കൂടുതൽ പരാതികൾ പുറത്തുവരാൻ സാധ്യതയുണ്ടെന്നാണ് സൂചന. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പരിശോധിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് സ്കൂൾ പ്രധാനാധ്യാപികയും ക്ലാസ് ടീച്ചറും നാളെ മറുപടി നൽകണം.

മദ്യം നൽകി മയക്കിയ ശേഷം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതിയായിരുന്നു പ്രതി പിന്തുടർന്നിരുന്നത്. ആദ്യത്തെ പരാതി പുറത്തുവന്നതിന് പിന്നാലെ പ്രതിയെ പൊലിസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. സ്കൂൾ അധികൃതർക്ക് ഇതിൽ അറിവുണ്ടായിരുന്നോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.