പോലീസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; എസ്‌ഐ അടക്കം മൂന്ന് പോലീസുകാർക്കെതിരേ കേസ്

0
35

ജയ്പുർ: രാജസ്ഥാനിലെ ചുരു ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പോലീസുകാരടക്കം നാലുപേർക്കെതിരേ കേസെടുത്തു. സർദാർഷഹർ പോലീസ് സ്‌റ്റേഷനിൽ ജോലിചെയ്തിരുന്ന പോലീസുകാരിയുടെ പരാതിയിലാണ് ഇവിടെയുണ്ടായിരുന്ന എസ്‌ഐ അടക്കമുള്ള പോലീസുകാർക്കെതിരേ കേസെടുത്തത്.

ജോലിചെയ്തുവരുന്നതിനിടെ എസ്‌ഐ അടക്കമുള്ള പോലീസുകാരും മറ്റൊരാളും പീഡിപ്പിച്ചെന്നാണ് പോലീസുകാരിയുടെ പരാതി. ചുരു ജില്ലാ പോലീസ് സൂപ്രണ്ടിനാണ് പോലീസുകാരി പീഡനപരാതി നൽകിയത്. തുടർന്ന് എസ്പിയുടെ നിർദേശപ്രകാരം ഇദ്ദ്മുഖ് എസ്എച്ച്ഒ എഫ്‌ഐആർ രജിസ്റ്റർചെയ്യുകയായിരുന്നു.

പീഡനം നടന്നതായി പറയുന്ന സമയത്ത് സർദാർഷഹർ സ്റ്റേഷനിൽ എസ്‌ഐയായിരുന്ന സുഭാഷ്, കോൺസ്റ്റബിൾമാരായ രവീന്ദ്ര, ജയ്‌വീർ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കുപുറമേ വിക്കി എന്നയാളും കേസിലെ പ്രതിയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

അതേസമയം, പരാതിക്കാരിയായ വനിതാ കോൺസ്റ്റബിൾ നിലവിൽ സസ്‌പെൻഷനിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അച്ചടക്കലംഘനത്തിനാണ് പോലീസുകാരിയെ സസ്‌പെൻഡ് ചെയ്തിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.