കുട്ടികളുടെ വാട്സ്ആപ്പ് ഇനി രക്ഷിതാക്കൾക്ക് നിയന്ത്രിക്കാം; പുതിയ ഫീച്ചറുമായി മെറ്റ

മെൻലോ പാർക്ക്: കുട്ടികൾക്കായി രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള പ്രത്യേക അക്കൗണ്ടുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ് മാതൃകമ്പനിയായ മെറ്റ. 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സുരക്ഷിതമായി വാട്സ്ആപ്പ് ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്.

കുട്ടികളുടെ അക്കൗണ്ട് പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും രക്ഷിതാക്കൾക്ക് അധികാരം നൽകുന്ന സുരക്ഷാ ക്രമീകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പ്രീ-ടീനേജുകാർക്ക് കൂടുതൽ മേൽനോട്ടത്തോടെ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടുത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് ഈ നീക്കമെന്ന് കമ്പനി വ്യക്തമാക്കി. വരും മാസങ്ങളിൽ ഈ സേവനം ആഗോളതലത്തിൽ ലഭ്യമായിത്തുടങ്ങും.

പുതിയ അക്കൗണ്ട് തുടങ്ങുന്ന ഘട്ടത്തിൽ കുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തുമ്പോൾ തന്നെ രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ട് (Parent-managed account) രൂപീകരിക്കാനുള്ള ഓപ്ഷൻ ലഭ്യമാകും. രക്ഷിതാവിന്റെ നിലവിലുള്ള വാട്സ്ആപ്പ് അക്കൗണ്ടുമായി കുട്ടിയുടെ അക്കൗണ്ട് ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിക്കുക.

അക്കൗണ്ട് സജ്ജീകരിക്കുന്ന വ്യക്തി മുതിർന്ന ആളാണെന്ന് ഉറപ്പുവരുത്താൻ സെൽഫി സമർപ്പിക്കേണ്ടി വരും. ഇത്തരത്തിൽ ലിങ്ക് ചെയ്യപ്പെടുന്ന അക്കൗണ്ടുകൾ പൂർണ്ണമായും രക്ഷിതാക്കളുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തിക്കുക.

അപരിചിതരിൽ നിന്നുള്ള സന്ദേശങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം ഈ അക്കൗണ്ടുകളിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വരുന്ന ഇത്തരം സന്ദേശങ്ങൾ നേരിട്ട് ഇൻബോക്സിലേക്ക് എത്താതെ ‘മെസേജ് റിക്വസ്റ്റ്’ ഫോൾഡറിലേക്ക് മാറും. രക്ഷിതാവ് നിശ്ചയിക്കുന്ന പിൻ (PIN) നമ്പർ ഉപയോഗിച്ചാൽ മാത്രമേ ഈ ഫോൾഡർ തുറന്ന് സന്ദേശങ്ങൾ പരിശോധിക്കാൻ സാധിക്കൂ.

ആരെങ്കിലും അനാവശ്യ സന്ദേശങ്ങൾ അയച്ചാൽ സാധാരണ അക്കൗണ്ടുകളിലേതു പോലെ റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഇതിൽ സാധിക്കും. കുട്ടി ഒരു പുതിയ കോൺടാക്റ്റ് ചേർക്കുകയോ ആരെയെങ്കിലും ബ്ലോക്ക് ചെയ്യുകയോ ചെയ്താൽ അക്കാര്യം ഉടൻ തന്നെ രക്ഷിതാവിനെ നോട്ടിഫിക്കേഷൻ വഴി അറിയിക്കുകയും ചെയ്യും.

ഗ്രൂപ്പുകളിൽ ചേർക്കുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്. രക്ഷിതാക്കൾക്ക് മാത്രമേ കുട്ടികളെ നേരിട്ട് ഗ്രൂപ്പുകളിൽ ചേർക്കാൻ കഴിയൂ. മറ്റാരെങ്കിലും ഇൻവൈറ്റ് ലിങ്കുകൾ അയച്ചാൽ അത് അംഗീകരിക്കുന്നതിനും രക്ഷിതാവിന്റെ പിൻ നമ്പർ ആവശ്യമാണ്. ഗ്രൂപ്പിലെ അംഗങ്ങൾ ആരൊക്കെയാണെന്നും അഡ്മിൻ ആരാണെന്നും പരിശോധിച്ച ശേഷം മാത്രമേ രക്ഷിതാവിന് അനുമതി നൽകാൻ സാധിക്കൂ.

ഗ്രൂപ്പിൽ പ്രധാന മാറ്റങ്ങൾ വരുമ്പോഴോ ‘ഡിസപ്പിയറിംഗ് മെസേജ്’ പോലുള്ള ഫീച്ചറുകൾ ആക്ടിവേറ്റ് ചെയ്യുമ്പോഴോ രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിക്കും. കുട്ടിക്ക് 13 വയസ്സ് തികയുമ്പോൾ സാധാരണ അക്കൗണ്ടിലേക്ക് മാറാനുള്ള സൗകര്യം ലഭിക്കുമെങ്കിലും, അത് 12 മാസം വരെ നീട്ടിവെക്കാനുള്ള അധികാരവും രക്ഷിതാക്കൾക്കുണ്ട്.