അബുദാബി: യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി എയർ ഇന്ത്യ എക്‌സ്പ്രസ് പുതിയ ബാഗേജ് ഇളവുകൾ പ്രഖ്യാപിച്ചു.
പുതുവർഷ ഓഫറിന്റെ ഭാഗമായി കിലോയ്ക്ക് 2 ദിർഹം നിരക്കിൽ 10 കിലോ വരെ അധിക ബാഗേജിനാണ് അനുമതി. 5 അല്ലെങ്കിൽ 10 കിലോയുടെ അധിക ബാഗേജുകളാണ് ബുക്ക് ചെയ്യാൻ സാധിക്കുക. ജനുവരി 31നകം ടിക്കറ്റ് ബുക്ക് ചെയ്ത് 16 മുതൽ മാർച്ച് 10 വരെ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം. സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ ഈ ഓഫർ ലഭ്യമാണ്. 2 യുഎഇ ദിർഹത്തിന് ആനുപാതികമായി അതതു രാജ്യങ്ങളിലെ കറൻസി ഈടാക്കും.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തു തന്നെ അധിക ബാഗേജ് കൂടി സിലക്ട് ചെയ്യണം. ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ പിന്നീട് ഈ നിരക്കിൽ ബാഗേജ് ചേർക്കാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ് സന്ദർശിക്കാം.





