‘മിന്നൽ പ്രതാപൻ’; താടിരോമങ്ങൾ പിഴുതെടുക്കും, കുനിച്ചു നിർത്തി ഇടിക്കും: പരാതി പ്രവാഹം

0
7

കൊച്ചി: ഗർഭിണിയായ യുവതിയുടെ കരണത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സസ്പെൻഷനിലായ എറണാകുളം നോർത്ത് മുൻ എസ്എച്ച്ഒ കെ.ജി.പ്രതാപ ചന്ദ്രനെതിരെ പരാതി പ്രവാഹം. പ്രതാപ ചന്ദ്രന്റെ മർ‍ദനത്തിനും അസഭ്യവർഷത്തിനും ഇരയായിട്ടുണ്ടെന്ന ഒട്ടറെ പരാതികളാണ് പുറത്തു വരുന്നത്.

നിയമവിദ്യാർഥിനി മുതൽ സിനിമ പ്രവർത്തകരും ബസ് ജീവനക്കാരും അടക്കമുള്ളവർ തങ്ങള്‍‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നുണ്ട്. ചോദിക്കുന്നതിനു മറുപടി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അടി എന്നതാണ് പ്രതാപ ചന്ദ്രന്റെ സ്വഭാവമെന്നാണ് ദുരനുഭവം നേരിട്ടിട്ടുള്ളവർ പറയുന്നത്.

‘ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് കരണത്തടിക്കും, ആളുകളെ തല്ലുന്നത് അയാൾക്കൊരു ഹരമാണ്’ എന്നാണ് പ്രതാപചന്ദ്രനെ അറിയാവുന്നവർ പറയുന്നത്. ‘മിന്നൽ പ്രതാപൻ’ എന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍ സേനയ്ക്കുള്ളിലും പരിചിതവൃത്തങ്ങളിലും അറിയപ്പെടുന്നത്. എറണാകുളം നോർത്ത് സിഐ ആയിരിക്കെയാണ് ഇയാൾക്കെതിരായ പരാതികൾ കൂടുതലും ഉയർന്നിട്ടുള്ളത്. കഴിഞ്ഞ വർഷം ഗർഭിണിയുടെ മുഖത്തടിച്ച കേസും ഇയാൾ നോർത്ത് പൊലീസിൽ ഉള്ളപ്പോഴായിരുന്നു. ഒൻപതു മാസം അരൂർ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. തൊടുപുഴ സ്വദേശിയും ഗർഭിണിയുമായിരുന്ന ഷൈമോളുടെ കരണത്തടിക്കുന്ന വിഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് പ്രതാപ ചന്ദ്രന്റെ മർദനവും അവഹേളനവുമേറ്റ ഒട്ടേറെ പേർ മുന്നോട്ടു വന്നിട്ടുള്ളത്.

2023ൽ സുഹൃത്തായ വനിതാ എസ്ഐയെ കാണാനെത്തിയ നിയമവിദ്യാർഥി പ്രീതി രാജ് ആണ് ഇതിൽ ഒരാൾ. ‘‘ബൈക്കിൽ നോർത്ത് സ്റ്റേഷനിലേക്കെത്തി അവിടെ വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ പുറത്ത് സിവിൽ വേഷത്തിൽ നിന്നിരുന്ന പ്രതാപചന്ദ്രൻ അടുത്തേക്ക് വിളിച്ചു. അവിടെ പാർക്കിങ് പാടില്ല എന്നു കരുതി അടുത്തേക്ക് ബൈക്ക് ഓടിച്ചു ചെന്നപ്പോൾ ‘ഹെൽമറ്റ് ശരിയല്ല’ എന്നാണ് പ്രതാപചന്ദ്രൻ പറഞ്ഞത്. കുറെക്കാലമായി ഉപയോഗിക്കുന്ന ഹെൽമറ്റ് ആണെന്നും ഇതുവരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ലെന്ന് മറുപടി പറഞ്ഞതും പ്രതാപചന്ദ്രൻ എന്റെ ഫോട്ടോ എടുത്തു തുടങ്ങി.

എന്റെ ഫോട്ടോ എടുക്കരുതെന്നും ആവശ്യമെങ്കിൽ ബൈക്കിന്റെ എടുക്കാനും പറഞ്ഞു. പിന്നീട് അയാളുടെ വായിൽനിന്നു വന്ന കാര്യങ്ങൾ പുറത്തു പറയാൻ കൊള്ളില്ല. സുഹൃത്തായ വനിതാ എസ്ഐ അപ്പോൾ വന്നില്ലായിരുന്നെങ്കിൽ അയാൾ ഷൈമോളെ അടിച്ചതു പോലെ എന്നേയും അടിച്ചേനെ’’– പ്രീതി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് മേധാവി മുതൽ താഴേക്കുള്ളവർക്ക് പരാതി നൽകിയിട്ടും ഒന്നുമുണ്ടായില്ലെന്നും മനസ്സു മടുത്തു പോയെന്നും പ്രീതി രാജ് പറഞ്ഞു.