വനിതാ ഉദ്യോഗസ്ഥയെ കയറിപ്പിടിച്ചു; പത്തനംതിട്ടയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

0
115

റാന്നി: പത്തനംതിട്ടയിൽ വനിതാ സഹപ്രവർത്തകയോട് മോശമായി പെരുമാറുകയും കയറിപ്പിടിക്കുകയും ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. റാന്നി ഡിവിഷനിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എ. അശോകനെയാണ് ചിറ്റാർ പൊലിസ് അറസ്റ്റ് ചെയ്തത്. എറണാകുളം നേര്യമംഗലം സ്വദേശിയാണ് ഇയാൾ.

ബുധനാഴ്ച രാവിലെയാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ അശോകനെതിരെ പരാതി നൽകിയത്. സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയെ അശോകൻ കടന്നുപിടിച്ചുവെന്നാണ് പരാതി. തുടക്കത്തിൽ വനംവകുപ്പിനുള്ളിൽ തന്നെ പരാതി ഒതുക്കിത്തീർക്കാൻ നീക്കങ്ങൾ നടന്നതായി ആക്ഷേപമുണ്ട്. എന്നാൽ വനിതാ ഉദ്യോഗസ്ഥയും ഭർത്താവും പരാതിയിൽ ഉറച്ചുനിന്നതോടെ പൊലിസ് കേസെടുക്കുകയും ഉച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കൽ, മോശം പെരുമാറ്റം തുടങ്ങിയ വകുപ്പുകൾക്ക് പുറമെ കൂടുതൽ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തുമെന്നാണ് പൊലിസ് നൽകുന്ന സൂചന. സംഭവത്തിൽ ചിറ്റാർ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെയും സമാനമായ പരാതികളെയോ മോശം പെരുമാറ്റത്തെയോ തുടർന്ന് വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് അശോകൻ. നടപടിയുടെ ഭാഗമായി സ്ഥലം മാറിയാണ് ഇയാൾ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത്. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ വീണ്ടും വകുപ്പുതല നടപടികൾ ഉണ്ടായേക്കും.