സമീപകാലത്ത് യുവാക്കൾക്കിടയിലെ അകാലമരണനിരക്ക് കൂടുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിനു കാരണം കോവിഡ് വാക്സിനേഷൻ ആണെന്ന പ്രചരണമാണ് ഈ വിഷയത്തിന് വലിയ ശ്രദ്ധ നേടാൻ കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും സമൂഹത്തിൽ ഉയർന്നുവന്നിരുന്നു.
എന്നാൽ ഇത്തരത്തിലുള്ള പ്രചരണങ്ങളെ തള്ളിക്കളയുന്നതാണ് എയിംസ് പുറത്തുവിട്ട പഠനറിപ്പോർട്ട്. ഇതിൽ കോവിഡ്-19 വാക്സിനേഷനും യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത് കോവിഡ്-19 വാക്സിനുകളുടെ സുരക്ഷയെ അടിവരയിടുന്നതാണ് എന്നും വ്യക്തമാണ്.
യുവാക്കളിലെ പെട്ടെന്നുള്ള മരണം ഇപ്പോഴും ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുന്നുവെന്നും, അതിനാവശ്യമായ കൃത്യമായ ഇടപെടലുകൾ നടത്തണമെന്നുമുള്ള കാര്യത്തിലേക്കാണ് പഠനം വിരൽചൂണ്ടുന്നത്. യാവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് പ്രധാന കാരണം കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) ആണെന്നും ശ്വസനസംബന്ധമായതും വിശദീകരിക്കാനാകാത്തതുമായ മരണങ്ങൾക്ക് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പഠനം കണ്ടെത്തി.
പ്രസ്തുത പഠനം ഐസിഎംആർ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 18 നും 45 നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ മരണനിരക്ക് പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിൽ കോവിഡ്- വാക്സിനേഷനും പെട്ടെന്നുള്ള മരണവും തമ്മിൽ ബന്ധമൊന്നും കണ്ടെത്തിയില്ല. ഇതൊരു നിർണായക കണ്ടെത്തലാണ്.
യുവാക്കളിലെ മരണത്തിൽ ഭൂരിഭാഗവും ഹൃദയ സംബന്ധമായ കാരണങ്ങളാലാണ് എന്ന കണ്ടെത്തലിലാണ് പഠനം എത്തിനിൽക്കുന്നത്. കൃത്യമായ രോഗനിർണയം നടത്താത്തതും, പരിശോധനയിലെ കാലതാമസവും, ജീവിതശൈലി പരിഷ്കരിക്കാത്തതും, യുവാക്കളെ പെട്ടെന്നുള്ള മരണത്തിലേക്ക് എത്തിക്കാം.





