പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ആർടിഎ

0
28

ദുബായ്: പാർക്കിങ്ങുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിരിക്കുന്ന ഏരിയ കോഡ് ബോർഡിൽ വ്യാജ ക്യുആർ കോഡ് പതിപ്പിച്ച് പണം തട്ടിയെടുക്കുന്നതായി ആർടിഎയുടെ മുന്നറിയിപ്പ്. ക്യുആർ കോഡ് സ്കാൻ ചെയ്തു പണമിടച്ചവർക്ക് പാർക്കിങ് ഫൈൻ വന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പാർക്കിൻ ക്യുആർ കോഡിനു മുകളിൽ തട്ടിപ്പുകാരുടെ ക്യുആർ കോഡ് കണ്ടെത്തിയത്.

പാർക്കിൻ ക്യുആർ കോഡിന്റെ അതേ വലുപ്പത്തിൽ ക്യുആർ കോഡ് സ്റ്റിക്കർ ആക്കി പാർക്കിങ് സോൺ ബോർഡുകളിൽ പതിപ്പിക്കുകയായിരുന്നു. ഇത്തരം ക്യുആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണ് പണം പോകുന്നത്.

പാർക്ക് ചെയ്യുമ്പോൾ മെഷീൻ വഴിയോ എസ്എംഎസ് വഴിയോ ആപ്ലിക്കേഷൻ ഉപയോഗിച്ചോ പണം നൽകുന്നതാണ് സുരക്ഷിതമെന്ന് ആർടിഎ അറിയിച്ചു. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ അറിയിക്കണമെന്നും ആർടിഎ അഭ്യർഥിച്ചു. പരാതി ഉയർന്ന കേന്ദ്രങ്ങളിലെല്ലാം വ്യാജ ക്യുആർ കോഡ് നീക്കം ചെയ്തു.