രാഹുലിനും രാഹുല്‍ ഈശ്വറിനും സന്ദീപ് വാര്യര്‍ക്കും നിര്‍ണായകദിനം

0
26

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഇന്ന് നിലപാട് അറിയിക്കും. കേസ് ഡയറിയും അന്വേഷണസംഘം ഹാജരാക്കും. കഴിഞ്ഞതവണ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും, നിർബന്ധിച്ച് ഗർഭചിദ്രം നടത്തിയിട്ടില്ലെന്നുമാണ് രാഹുലിന്റെ നിലപാട്. രണ്ടാം ബലാത്സംഗ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യ ഉപാധിപ്രകാരം ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായേക്കില്ല. 

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്ന് അറിയിച്ചാണ് രാഹുലിന്‍റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നത്. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് പരമാവധി തെളിവുകള്‍ ശേഖരിച്ച സാഹചര്യത്തില്‍ പൊലീസ് ഇന്ന്  അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നിലവില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വര്‍ പൂജപ്പുര ജയിലിലാണുള്ളത്. 

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ബലാല്‍സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കഴിഞ്ഞയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച സമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടിയിരുന്നു. അതിജീവിതയുടെ യാതൊരു വിവരങ്ങളും താന്‍ പങ്കുവച്ചിട്ടില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമെന്നുമാണ് സന്ദീപ് വാരിയയുടെ വാദം.