‘ഉണ്ണി വാവാവോ’ സഊദിയിൽ മലയാളഗാനം പാടി മലയാളികളുടെ ഹൃദയം കീഴടക്കി ആലിയ

0
11

ജിദ്ദ: മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്രയുടെ സ്വരമാധുര്യത്തിൽ പിറവിയെടുത്ത ‘ഉണ്ണി വാവാവോ’ എന്ന ഗാനം പാടി മലയാളികളെ ഹൃദയത്തോട് ചേർത്ത് പിടിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ ഏഴാം ദിനമാണ് ആലിയ ഭട്ട് പാട്ട് പാടി പ്രവാസി മലയാളികളുടെ ഹൃദയം കീഴടക്കിയത്. 

തന്റെ മകളായ റാഹയെ നോക്കാൻ വരുന്ന ആയ പാടുന്ന ഈ പാട്ട് ഭർത്താവും നടനുമായ രൺബീർ കപൂർ പഠിച്ചതായി മുൻപ് ആലിയ ടിവി ഷോയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. മകളെ ഉറക്കാൻ സ്ഥിരം ഉണ്ണീ വാ വാ വോ എന്ന പാട്ടാണ് ആയ പാടുന്നത്. ഇതൊരു മലയാളം താരാട്ടുപാട്ടാണ്. ഇടയ്ക്ക് ഞങ്ങളോട് റാഹ പറയും മാമ വാവോ, പാപ്പാ വാവോ എന്ന്. അവൾക്ക് ഉറക്കം വരുന്നു എന്നുള്ളതിന്റെ സൂചനയാണത്. ഇപ്പോൾ ഞാനും രൺബീറും മകൾക്കുവേണ്ടി ആ പാട്ടുപഠിച്ചു – ആലിയ അന്ന് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ ഫഹദ് മുഹമ്മദ് എന്ന പ്രവാസി മലയാളി വ്ലോഗറാണ് സമൂഹമാധ്യമത്തിൽ ആലിയ ഈ പാട്ട് പാടുന്ന വിഡിയോ പങ്കുവച്ചത്. വീഡിയോയുടെ തുടക്കത്തിൽ ആലിയ ഭട്ടിനെ കൊണ്ട് മലയാളം പാട്ടായ ‘ഉണ്ണി വാവാവോ’ പാടിക്കുമെന്ന് ഫഹദും സുഹൃത്തുക്കളും പറയുന്നുണ്ട്. പിന്നീട് ചോദ്യോത്തര വേളയിൽ ആലിയ ഇവരുടെ ആവശ്യപ്രകാരം പാട്ട് പാടുകയായിരുന്നു. 

ആലിയയുടെ ഈ വാക്കുകൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ 1991ല്‍ പുറത്തിറങ്ങിയ സാന്ത്വനത്തിലെ ‘ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ’ എന്ന ഗാനം കേൾക്കാനായി യൂട്യൂബിലേക്ക് ആളുകൾ ഒഴുകിയെത്തിയിരുന്നു. ഡിസംബർ 10ന് നടന്ന പരിപാടിയിൽ ആലിയ തന്റെ കരിയർ യാത്രയെക്കുറിച്ച് തുറന്നു സംസാരിക്കുകയും പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സ്പൈ ത്രില്ലറായ ‘ആൽഫ’യെക്കുറിച്ച് ചില സൂചനകൾ നൽകുകയും ചെയ്തു. 

വീഡിയോ