ഷാർജ: യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 17 കിലോയോളം കൊക്കെയ്ൻ പിടികൂടി ഷാർജ പൊലീസ്. ഷാർജ തുറമുഖങ്ങൾ, കസ്റ്റംസ്, ഫ്രീ സോൺസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തിയ രണ്ട് വലിയ ഓപ്പറേഷനുകളിലൂടെയാണ് ലഹരിമരുന്ന് കടത്ത് സംഘത്തെ തകർത്തത്.
നാല് രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന രാജ്യാന്തര ലഹരിമരുന്ന് കടത്ത് ശൃംഖലയെയാണ് ഷാർജ പൊലീസിന്റെ ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം തകർത്തത്. 12 കിലോയിലേറെ കൊക്കെയ്ൻ യുഎഇയിൽ വിതരണം ചെയ്യാനായി കടത്താനാണ് സംഘം ശ്രമിച്ചത്. ഒരു ഗൾഫ് രാജ്യത്തിലൂടെ യുഎഇയിൽ പ്രവേശിച്ച ഏഷ്യൻ പൗരനായ പ്രധാന പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തതായി ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം ഡയറക്ടർ ബ്രി. മാജിദ് സുൽത്താൻ അൽ അസം പറഞ്ഞു.
യുഎഇയിൽ ലഹരിമരുന്ന് ഏറ്റുവാങ്ങാനെത്തിയ ആഫ്രിക്കൻ പൗരന്മാരായ മറ്റ് രണ്ട് പ്രതികളെയും പൊലീസ് തത്സമയം പിടികൂടി. ദേശീയ അടിയന്തര മുന്നറിയിപ്പ് കേന്ദ്രവുമായി ചേർന്ന് നടത്തിയ ഏകോപിപ്പിച്ച അന്വേഷണങ്ങളിലൂടെയാണ് മറ്റൊരുകടത്തുകാരനെ കണ്ടെത്താൻ സാധിച്ചതെന്ന് ബ്രി. അൽ അസം പറഞ്ഞു. യുഎഇ വിമാനത്താവളം വഴി ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്തിരുന്ന അതേ രാജ്യക്കാരനായ മറ്റൊരു യാത്രക്കാരനെ ഇന്റലിജൻസ് ഓപറേഷനുകളിലൂടെ പിന്തുടർന്നു.
രണ്ട് മണിക്കൂറിനുള്ളിൽ ദേശീയ ലഹരിമരുന്ന് വിരുദ്ധ ഏജൻസിയുമായി തങ്ങൾ അടുത്ത സഹകരണത്തോടെ പ്രവർത്തിച്ചതായും ഇതേത്തുടർന്ന് ലക്ഷ്യസ്ഥാനമായ രാജ്യത്ത് നിന്ന് ഏകദേശം അഞ്ച് കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
