കുരുക്ക് മുറുക്കി: വിസ നിയമലംഘനങ്ങൾക്ക് 50 ലക്ഷം ദിർഹം വരെ പിഴ

0
25

അബുദാബി: സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായി താമസ, കുടിയേറ്റ നിയമങ്ങൾ കർശനമാക്കി യുഎഇ. നിയമം ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.

നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്ക് ജോലി നൽകുക, താമസസൗകര്യം ഒരുക്കുക, സംഘടിത വീസ തട്ടിപ്പുകളിൽ ഏർപ്പെടുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കാണ് 50 ലക്ഷം ദിർഹം പിഴ ചുമത്തുക. സുരക്ഷാ ഭീഷണി ഉയർത്തുന്നതോ പൊതുക്രമം തകർക്കുന്നതോ ആയ നിയമലംഘനങ്ങൾ തടയാനാണ് കടുത്ത നടപടിയെന്നും വിശദീകരിച്ചു.

വീസ കാലാവധി കഴിഞ്ഞു തങ്ങുന്നവർക്കുള്ള പിഴകളെക്കാൾ വളരെ കൂടുതലായിരിക്കും നിയമവിരുദ്ധ താമസത്തിന് സൗകര്യമൊരുക്കുന്ന വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഈടാക്കുക. അനധികൃതമായി രാജ്യത്തേക്കു നുഴഞ്ഞുകയറിയവർക്ക് താമസസൗകര്യമോ ജോലിയോ മറ്റു സഹായങ്ങളോ നൽകുന്നവരിൽനിന്ന് കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴ ഈടാക്കും.

ഒന്നിലധികം കുറ്റവാളികളോ സംഘടിത ശൃംഖലകളോ ഉൾപ്പെട്ട കേസുകളാണെങ്കിൽ രണ്ടു മാസത്തെ തടവിനു പുറമെ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമപരമായ നടപടികളിൽനിന്ന് രക്ഷപ്പെടാൻ വീസ, താമസാനുമതി തുടങ്ങി ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുന്നത് രാജ്യസുരക്ഷയ്ക്കു നേരെയുള്ള ഭീഷണിയായി കണക്കാക്കും.

കുറ്റക്കാർക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും മുൻകാലങ്ങളിൽ കോടതി വിധിച്ചിട്ടുണ്ട്. വീസക്കച്ചവടം നടത്തുന്നവർക്കും സമാന ശിക്ഷയുണ്ടാകും. വിസിറ്റ്/ ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കും. വിസിറ്റ്/ടൂറിസ്റ്റ്/റെസിഡൻസ് വീസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന വ്യക്തികൾ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണമെന്നാണ് നിയമം.