റിയാദ്: സഊദി അറേബ്യയിൽ പൊതു ക്രമം, ദേശീയ താൽപ്പര്യം എന്നിവയെ തടസ്സപ്പെടുത്തുന്നതോ സംഘർഷമുണ്ടാക്കുന്നതോ ആയ അനുചിതമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് ഒൻപത് പേർക്ക് പിഴ ചുമത്തി. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാതാക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ (General Authority for Media Regulation) സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഇലക്ട്രോണിക് പ്രസിദ്ധീകരണ പ്രവർത്തനത്തിനുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച ഒൻപത് പേർക്കെതിരെയാണ് കമ്മിറ്റികൾ നടപടി സ്വീകരിച്ചത്. പ്രസ് ആൻഡ് പബ്ലിക്കേഷൻസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, പൊതു ക്രമത്തെയോ ദേശീയ താൽപ്പര്യത്തെയോ തടസ്സപ്പെടുത്താൻ ആവശ്യപ്പെടുന്നതോ, പ്രേരണ, പ്രകോപനം, സംഘർഷം എന്നിവ പ്രചരിപ്പിക്കുന്നതോ ആയ യാതൊരു ഉള്ളടക്കവും പ്രസിദ്ധീകരിക്കുന്നത് സൗദി അറേബ്യയിൽ നിരോധിച്ചിട്ടുണ്ട്.
നിയമലംഘകർക്കെതിരെ പുറപ്പെടുവിച്ച തീരുമാനങ്ങളിൽ സാമ്പത്തിക പിഴ ചുമത്തുന്നതും, ലംഘനങ്ങൾ പോസ്റ്റ് ചെയ്ത അക്കൗണ്ടുകൾ ഇല്ലാതാക്കാൻ അവരെ നിർബന്ധിക്കുന്നതും ഉൾപ്പെടുന്നുവെന്ന് അതോറിറ്റി വിശദീകരിച്ചു. മാധ്യമ നിയന്ത്രണങ്ങൾ ലംഘിക്കുന്ന മാധ്യമ ഉള്ളടക്കവും അനുവദിക്കില്ലെന്നും, അത്തരത്തിലുള്ള നിയമലംഘകർക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.





