പ്രതിസന്ധിക്ക് മുന്നേ നടപടിയെടുക്കാതെ സ്ഥിതിഗതികള്‍ വഷളാകാന്‍ അനുവദിച്ചു; ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ ഹൈക്കോടതി

0
4

ഡല്‍ഹി: ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹി ഹൈക്കോടതി. പ്രതിസന്ധിക്കിടെ വിമാനനിരക്ക് ഉയര്‍ന്നത് ഏകീകരിക്കാന്‍ സര്‍ക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇന്‍ഡിഗോ വിമാന സര്‍വീസ് വെട്ടിക്കുറച്ചത് യാത്രക്കാര്‍ക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി വ്യക്തമാക്കി.

ഇന്‍ഡിഗോയിലെ പ്രതിസന്ധിക്ക് ശേഷം മാത്രം നടപടി സ്വീകരിച്ച സര്‍ക്കാറിന്റെ നിലപാടാണ് പ്രശ്‌നത്തിന് ആക്കം കൂട്ടയതെന്നും കോടതി കുറ്റപ്പെടുത്തി.

വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കാന്‍ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇന്‍ഡിഗോ കമ്പനി എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ഒരു പ്രതിസന്ധിയുണ്ടായാല്‍ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികള്‍ക്ക് അതില്‍ നേട്ടം ഉണ്ടാക്കാനാകുകയെന്നും എങ്ങനെയാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയെന്നും ചോദിച്ച കോടതി സ്ഥിതിഗതികള്‍ വഷളാകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുവെന്നും വിമര്‍ശമുന്നയിച്ചു.