മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്; ഒപ്പം പരസ്യ സംവാദത്തിനും ക്ഷണം

0
8

തിരുവനന്തപുരം: മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം തുറന്ന സംവാദത്തിന് തയ്യാറാണെന്നും സ്ഥലവും സമയവും അങ്ങേയ്ക്ക് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നേരത്തെ മുഖ്യമന്ത്രി ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് വിശദമായി തന്നെ ഫേസ്ബുക്കിലൂടെ മറുപടി നൽകുകയായിരുന്നു സതീശൻ. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചതിന് നിലവില്‍ രണ്ടു സഖാക്കള്‍ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ച വി.ഡി. സതീശൻ, ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്ത് പിടിക്കുന്നതിനൊപ്പം, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതാക്കളുടെയും തൊലിക്കട്ടി അപാരമാണെന്നും വിമർശിച്ചു.

ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, തുരങ്കപാത, ക്ഷേമ പെന്‍ഷന്‍, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി തുടങ്ങി വിവിധ വിഷയങ്ങളിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി മറുപടി നൽകിയത്. ചോദ്യങ്ങളിൽ നിരവധി തെറ്റായ കാര്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. വിഴിഞ്ഞം തുറമുഖത്തെ ഞാൻ എതിർത്തിട്ടില്ല. എതിർത്തത് അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയനാണ്. പിണറായി എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ്. തെരഞ്ഞെടുപ്പ് കഴിയും വരെ മുൻദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാൻ സർക്കാർ എസ്ഐടിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ശബരിമലയിലെ സ്വർണം കോടീശ്വരന് വിറ്റു എന്ന് ആദ്യം പറഞ്ഞത് ഞാനാണെന്നും വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

വി.ഡി. സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ബഹു. മുഖ്യമന്ത്രീ,

അങ്ങ് ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണിത്. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് ഞാന്‍ തയാറാണ് എന്നതു കൂടി അറിയിക്കട്ടെ. സ്ഥലവും തീയതിയും അങ്ങേയ്ക്ക് തന്നെ തീരുമാനിക്കാം. എന്റെ നിര്‍ദ്ദേശം ഏറ്റെടുക്കുമെന്ന് കരുതട്ടെ.

ശബരിമല ശാസ്താവിന്റെ ശ്രീകോവിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതിലും ദ്വാരപാലക ശില്‍പങ്ങളും ഇനിയും പുറത്ത് വരാത്ത നിരവധി അമൂല്യ വസ്തുക്കളും മോഷ്ടിച്ചതിന് നിലവില്‍ രണ്ടു സഖാക്കള്‍ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിക്കട്ടെ. ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്ത് പിടിക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്ന അങ്ങയുടെയും അങ്ങയുടെ പാര്‍ട്ടി നേതാക്കളുടെയും തൊലിക്കട്ടി അപാരമെന്ന് സമ്മതിക്കാതെ തരമില്ല.

പിന്നെ, അങ്ങ് പറഞ്ഞതു പോലെ എം.എല്‍.എയ്ക്കെതിരായ പീഡന പരമ്പര; അക്കാര്യത്തില്‍ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നത്. അങ്ങയുടെ ആദ്യ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ കാട്ടിയ വിക്രിയകള്‍ മറന്നതോ മറന്നെന്നു നടിക്കുന്നതോ? ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ ഇപ്പോഴും അങ്ങയോടൊപ്പമില്ലേ? ആ രണ്ടു പേരുടെയും കൈ ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രം ഇപ്പോഴും കേരളീയ പൊതുസമൂഹത്തിന് മുന്നിലുണ്ട്. ഇത്രയും പറഞ്ഞതു കൊണ്ട് ഒന്നു കൂടി ചോദിക്കട്ടെ, ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി? ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന്‍ ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്? അങ്ങയുടെ പാര്‍ട്ടി എം.എല്‍.എ സ്ഥാനം ഉള്‍പ്പെടെ നല്‍കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയത്?

അപ്പോള്‍ ഒരു ഡസണില്‍ അധികം ലൈംഗിക ആരോപണ വിധേയരെയും ക്രിമിനലുകളെയും ചേര്‍ത്ത് പിടിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് മാതൃകാപരമായ നടപടി സ്വീകരിച്ച ഞങ്ങളെ കുറ്റപ്പെടുത്തുന്നത്. എന്റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയാണ്; മുഖ്യമന്ത്രീ, നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും തന്നെയാണ് പ്രതിരോധത്തില്‍ നില്‍ക്കുന്നത്.

പി.ആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും ഇത്തരമൊരു സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് അങ്ങയെ ഞാന്‍ അഭിനന്ദിക്കുന്നു. ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. അങ്ങ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു. എപ്പോഴും ഇങ്ങോട്ട് പറയുന്നത് മാത്രം കേട്ടാല്‍ പോരല്ലോ. പരസ്യ സംവാദമെന്ന എന്റെ നിര്‍ദ്ദേശം അങ്ങ് ഏറ്റെടുക്കുമെന്ന് കരുതട്ടെ.