50 കോടി ക്ലബ് കീഴടക്കി കളങ്കാവൽ, ബോക്സ് ഓഫീസിൽ തരം​ഗമായി മമ്മൂട്ടി

0
1

മമ്മൂട്ടി വിനായകൻ കോമ്പിനേഷനിൽ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് കളങ്കാവൽ. റിലീസായി അഞ്ച് ദിവസം പിന്നിടുമ്പോൾ തന്നെ കളക്ഷനിൽ മുന്നിൽ നിൽക്കുന്ന സിനിമയായി കളങ്കാവൽ മാറുകയും ചെയ്തിരുന്നു. ഇപ്പോൾ 50 കോടി ക്ലബിലും സിനിമ ഇടം പിടിച്ചു. റിലീസായി നാല് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് സിനിമ 50 കോടി നേട്ടം കൈവരിച്ചത്.

വേൾഡ് വൈഡായി 50 കോടി കീഴടിക്കിയെന്ന വിവരം സിനിമയുടെ അണിയറ പ്രവർത്തകരാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവൽ സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ.

മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തുന്ന സിനിമ വലിയ പ്രതികരണങ്ങളും നേടിക്കൊണ്ടിരിക്കുകയാണ്. തിരക്ക് കാരണം ഇന്നലെയുൾപ്പെടെ 110 ലേറ്റ് നൈറ്റ് അധിക ഷോകളും ഒരുക്കിയിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചത്.