അബുദാബി: യുഎഇയുടെ ദേശീയ ദിനാഘോഷങ്ങൾക്ക് പകിട്ടേകി ബുർജീൽ ആശുപത്രിയിൽ രണ്ട് പ്രവാസിക്കുഞ്ഞുങ്ങൾ പിറന്നു. അൽജീരിയൻ ദമ്പതികളായ ലാമിയ മെർമത്തിനും സുഹൈർ അത്താറിനും പിറന്ന പെൺകുഞ്ഞിന് ‘മക്ക’ എന്നും പാക്കിസ്ഥാൻ സ്വദേശികളായ ഹമൂദ് ഉർ റഹ്മാനും അൻദലീബ് സലീമിനും പിറന്ന ആൺകുഞ്ഞിന് ‘ഉമർ’ എന്നും പേരിട്ടു.
ദേശീയദിനത്തിൽ ലഭിച്ച ഈ സമ്മാനം തങ്ങളുടെ ജീവിതത്തിൽ ഇരട്ടിമധുരം നൽകുന്നുവെന്ന് മാതാപിതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു. കുടുംബത്തിലെ നാലാമത്തെ കുഞ്ഞായാണ് മക്ക പിറന്നത്. കുട്ടിക്ക് 3.110 കിലോ ഭാരമുണ്ട്. സർവ്വശക്തൻ നൽകിയ സമ്മാനമാണ് അവളെന്ന് ലാമിയ പറഞ്ഞു. ഞങ്ങളുടെ ഹൃദയത്തോട് അടുത്ത പേരാണ് ‘മക്ക’. ഈ പുണ്യദിനത്തിൽ അവളെ ലഭിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു.
പ്രസവത്തിന് നേതൃത്വം നൽകിയ ബുർജീൽ ആശുപത്രിയിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ. ഹാല എൽസയിദ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിന് അവർ നന്ദി അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോ.ഹാല അറിയിച്ചു. ഇത് ഞങ്ങളുടെ പതിവ് ജോലിയാണെങ്കിലും കൃത്യം ഈ പ്രത്യേക നിമിഷത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് മറക്കാനാവാത്ത അനുഭവമാണ്.
അതേസമയം, ഹമൂദ് ഉർ റഹ്മാനും അൻദലീബ് സലീമിനും പിറന്നതും നാലാമത്തെ കുഞ്ഞാണ്. 3.560 കിലോ ഭാരമുള്ള ഉമർ പിറന്ന നിമിഷം തങ്ങൾ എന്നെന്നും ഓർമകളിൽ സൂക്ഷിക്കുമെന്ന് ദമ്പതികൾ പറഞ്ഞു. യുഎഇയുടെ ചരിത്രത്തിന്റെ ഭാഗമാകാനും മകനെ സ്വാഗതം ചെയ്യാനും കഴിഞ്ഞതോടെ ഈ ദിനത്തിന് ഞങ്ങൾക്ക് ഇരട്ടി സന്തോഷമായി.
ഓരോ കുഞ്ഞും പുതിയ പ്രതീക്ഷയാണെന്നും നാളത്തെ ലോകം കൂടുതൽ ശോഭനവും കരുണയും ഉള്ളതായിരിക്കുമെന്നും ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റും എച്ച്ഒഡിയുമായ ഡോ. ശൈലജ വുപ്പു പറഞ്ഞു. ദേശീയ ദിനത്തിൽ കുഞ്ഞുങ്ങളെ വരവേറ്റ കുടുംബങ്ങളെ ആശുപത്രി ജീവനക്കാർ മധുരം നൽകിയും ആശംസകൾ അറിയിച്ചും സ്വീകരിച്ചു.





